ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരാക്രമണം നടത്തിയാൽ പാകിസ്താന്റെ സൈനിക നേതൃത്വത്തെ തന്നെ ഉന്മൂലനം ചെയ്യുന്ന സൈനികതന്ത്രത്തിന് ഇന്ത്യ രൂപം നൽകുന്നതായി സൂചന. 2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയ പാഠങ്ങളാണ് ഈ നയപരമായ മാറ്റത്തിന് പിന്നിലെന്ന് സൈനിക നിരീക്ഷകർ വിലയിരുത്തുന്നു. ശത്രുവിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രധാന വ്യക്തികളെ തന്നെ ഇല്ലാതാക്കുന്ന ‘ഡെക്കാപിറ്റേഷൻ സ്‌ട്രൈക്ക്’ എന്ന സൈനിക തന്ത്രത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. പ്രധാന നേതൃസ്ഥാനത്തുള്ളവർ ഇല്ലാതായാൽ സംഘർഷങ്ങളും പ്രകോപനവും വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാനാകും.
ദീർഘനാൾ തുടരുന്ന സൈനിക സംഘർഷം ഒഴിവാക്കുകയുമാകാം. ഇന്ത്യയ്‌ക്കെതിരായ തന്ത്രങ്ങൾ രൂപീകരിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ ഇല്ലാതാക്കിയാൽ പെട്ടെന്ന് തന്നെ എതിരാളിയെ തളർക്കാനാകും. ഈ പുതിയ യുദ്ധതന്ത്രത്തിന്റെ പ്രധാന കരുത്ത് ഇസ്രായേൽ നിർമ്മിത അത്യാധുനിക സ്റ്റാൻഡ്-ഓഫ് ആയുധങ്ങളാണ്. പ്രത്യേകിച്ച്, അതിവേഗത്തിൽ സഞ്ചരിക്കുന്ന റാംപേജ്, സൂപ്പർസോണിക് മിസൈലുകളും, സ്‌പൈസ്-1000, സ്‌പൈസ്-2000 പ്രിസിഷൻ-ഗൈഡഡ് മിസൈലുകൾ തുടങ്ങിയവ. 150 മുതൽ 250 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ ആയുധങ്ങൾ ഉപയോഗിച്ച്, ഇന്ത്യൻ വിമാനങ്ങൾക്ക് അതിർത്തി കടക്കാതെ തന്നെ ശത്രുവിന്റെ ഭൂഗർഭ ബങ്കറുകളും കമാൻഡ് കേന്ദ്രങ്ങളും തകർക്കാൻ സാധിക്കും. വ്യോമസേനയുടെ സുഖോയ്-30 എംകഐ, മിഗ്-29, റാഫേൽ എന്നീ മുൻനിര യുദ്ധവിമാനങ്ങളിൽ ഈ ആയുധങ്ങൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ജിപിഎസ്, ഇനർഷ്യൽ നാവിഗേഷൻ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മിസൈലുകൾ ജാമിംഗിനെ പ്രതിരോധിക്കാനും അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും കഴിവുള്ളവയാണ്.
ആണവായുധ പ്രകോപനത്തിലേക്ക് നീങ്ങാതെ തന്നെ, ശത്രുവിന്റെ ആശയവിനിമയ സംവിധാനങ്ങളെയും നേതൃത്വത്തെയും ആദ്യ മണിക്കൂറുകളിൽ തന്നെ തകർക്കുക എന്നതാണ് ലക്ഷ്യം. റിയൽ ടൈം സാറ്റലൈറ്റ് ഇന്റലിജൻസ്, ഹൈ-ആൾട്ടിറ്റിയൂഡ് ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ ശത്രുക്കളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷി ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതേ ലക്ഷ്യം മുൻനിർത്തി ദീർഘദൂര ആക്രമണത്തിനുള്ള ആയുധ സംഭരണവും തുടരുകയാണ്. പ്രതിരോധത്തിൽ നിന്നുള്ള മാറ്റം മുൻകാലങ്ങളിൽ നടത്തിയിരുന്ന പ്രതീകാത്മകമായ തിരിച്ചടികളിൽനിന്നു വ്യത്യസ്തമായി, ശത്രുവിന് കനത്ത ആഘാതം നൽകുന്ന രീതിയിലേക്കാണ് ഇന്ത്യയുടെ മാറ്റം.
2026-ഓടെ ആയിരത്തിലധികം പ്രിസിഷൻ-ഗൈഡഡ് ആയുധങ്ങൾ അടിയന്തരമായി വാങ്ങാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ശത്രുരാജ്യത്തെ സൈനിക നേതൃത്വത്തിന് വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ, ഭീകരവാദത്തിന് പ്രോത്സാഹനം നൽകുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

















































