ദുബായ്: പൊരുതാനുള്ള റൺസെടുക്കും മുൻപ് പാക് നിര തറപറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ 20ാം ഓവറിൽ ഹാർദിക് പാണ്ഡ്യ വിട്ടുകൊടുത്ത 16 റൺസ് പാക്കിസ്ഥാനെ മാന്യമായ സ്കോറിൽ കൊണ്ടുചെന്നെത്തിച്ചു. അവസാന ഓവറിൽ പാക് താരം ഷഹീൻ അഫ്രീദിയായിരുന്നു ക്രീസിൽ. 20ാം ഓവറിലെ ഒന്നാം ബോളിൽ റൺസൊന്നും എടുക്കാനായില്ലെങ്കിലും രണ്ടും മൂന്നും ബോളിൽ ഷഹീൻ അഫ്രീദി അതിർത്തി കടത്തി.
നാലാം ബോളിൽ മനോഹരമായൊരു ക്യാച്ചിന് തിലക് വർമ ശ്രമിച്ചെങ്കിലും വഴുതിപ്പോയതോടെ രണ്ട് റൺസ് പാക് അക്കൗണ്ടിലെത്തി, അഞ്ചാം ബോളിൽ റൺസൊന്നും എടുത്തില്ലെങ്കിലും ആറാം ബോളിൽ രണ്ട് റൺസെടുത്തു. ഇതോടെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസിൽ ഒതുങ്ങി പാക്കിസ്ഥാൻ.
തുടക്കത്തിൽ ഇന്ത്യയുടെ ബോളിങ് ‘ആക്രമണത്തിനു’ മുന്നിൽ പിടിച്ചുനിൽക്കാനാകാതെ നട്ടംതിരിയുകയായിരുന്നു പാക്കിസ്ഥാൻ. മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ജസ്പ്രീത് ബുമ്ര, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്.
അതേസമയം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ ‘നിയമസാനുസൃത’ പന്തിൽ തന്നെ അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഹാർദിക് എറിഞ്ഞ, ഇന്നിങ്സിന്റെ ആദ്യ പന്ത് വൈഡായതിനു പിന്നാലെയെത്തിയ കിടിലൻ ഇൻസ്വിങ്ങറിൽ ബാറ്റു വച്ച ഓപ്പണർ സയീം അയൂബിനെ (പൂജ്യം) ജസ്പ്രീത് ബുമ്ര കയ്യിലൊതുക്കുകയായിരുന്നു. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ ( 5 പന്തിൽ 3) രണ്ടാം ഓവറിൽ ജസ്പ്രീത് ബുമ്ര, ഹാർദിക്ക് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചതോടെ പാക്കിസ്ഥാൻ തകർച്ചയുടെ കനം കൂടി. ഇതോടെ രണ്ട് ഓവറിൽ 7ന് 2 എന്ന നിലയിലേക്കു വീണു പാക്കിസ്ഥാൻ. പിന്നീട് മൂന്നാം വിക്കറ്റിൽ സാഹിബ്സാദ ഫർഹാനും ഫഖർ സമാനും രക്ഷാപ്രവർത്തനത്തിനൊടുവിൽ പവർപ്ലേ അവസാനിച്ചപ്പോൾ സ്കോർ ബോർഡിൽ 42 റൺസ് കൂട്ടിച്ചേർത്തു.
പിന്നീട് നടത്തിയ സ്പിൻ ആക്രമണച്ചുഴിയിൽ പാക്കിസ്ഥാന്റെ പതനം ഏറെക്കുറെ പൂർത്തിയായു. എട്ടാം ഓവറിൽ ഫഖർ സമാനെ (15 പന്തിൽ 17) പുറത്താക്കി അക്ഷർ പട്ടേൽ ആ കൂട്ടുകെട്ട് പൊളിച്ചു. തന്റെ തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൽമാന ആഗയെയും(12 പന്തിൽ 3) അക്ഷർ മടക്കി. പിന്നീട് ചൈനാ മാൻ കുൽദീപ് യാദവിന്റെ ഊഴമായിരുന്നു. 13–ാം ഓവറിൽ കുൽദീപ് നടത്തിയ ഇരട്ടപ്രഹരത്തോടെ അവർ 64ന് 6 എന്ന നിലയിലേക്കു വീണു. ഹസൻ നവാസ് (7 പന്തിൽ 5), മുഹമ്മദ് നവാസ് (പൂജ്യം) എന്നിവരെയാണ് ആ ഓവറിൽ കുൽദീപ് പുറത്താക്കിയത്. 17–ാം ഓവറിൽ ഓപ്പണർ സാഹിബ്സാദ ഫർഹാനെ (44 പന്തിൽ 40) കൂടി പുറത്താക്കി കുൽദീവ് തുടർച്ചയായ രണ്ടാം മൂന്നു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. യുഎഇക്കെതിരായ ആദ്യ മത്സരത്തിലും കുൽദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
18–ാം ഓവറിൽ ഫഹീം അഷ്റഫിനെ (14 പന്തിൽ 11) വരുൺ ചക്രവർത്തിയും 19–ാം ഓവറിൽ സൂഫിയാൻ മുഖീമിനെ (6 പന്തിൽ 10) ബുമ്രയും പുറത്താക്കി. അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദി (16 പന്തിൽ 33*)യുടെ ചെറുത്തുനിൽപ്പ് 127ൽ എത്തിച്ചു. നാല് സിക്സറുകളാണ് ഷഹീൻ അഫ്രീദിയുടെ ബാറ്റിൽനിന്നു പിറന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 10 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
∙