ന്യൂഡൽഹി: എച്ച് 1 ബി വിസാ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്താനും നാളെ മുതൽ പ്രാബല്യത്തിലാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് പിന്നാലെ യുഎസിലെ വിമാനത്താവളങ്ങളിലെത്തിയ ഇന്ത്യക്കാർ പോലും യാത്ര ക്യാൻസൽ ചെയ്തതായി റിപ്പോർട്ട്. ദുർഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പോകാൻ വിമാനത്താവളങ്ങളിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതുപോലെ ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതിന് പിന്നാലെ സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സിന്റെ വിമാനം മണിക്കൂറുകളോളം താമസിച്ചു.
യുഎസ് വിമാനത്താവളങ്ങളിൽ മാത്രമല്ല ദുബായിയിലും മറ്റു ചില ട്രാൻസിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാർ ആശങ്കപ്പെടുകയും യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. വിസാ ഫീസ് നിരക്ക് വർധനയെക്കുറിച്ചുള്ള വാർത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തിൽ 10-15 യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ദുർഗാപൂജ പ്രമാണിച്ച് നിരവധി ഇന്ത്യക്കാരാണ് അമേരിക്കയിൽനിന്ന് നാട്ടിലേക്ക് വരാനായി തയാറെടുത്തിരുന്നത്. യുഎസ് വിടരുതെന്നും രാജ്യത്തിന് പുറത്തുള്ളവർ 24 മണിക്കൂറികം മടങ്ങിയെത്തണമെന്നും എച്ച് 1 ബി വിസക്കാരായ ജീവനക്കാർക്ക് മെറ്റയും മൈക്രോസോഫ്റ്റും ഉൾപ്പെടെയുള്ള ടെക് കമ്പനികൾ നിർദേശവും നൽകിയിരുന്നു. ഇതോടെ പലരും യാത്ര റദ്ദാക്കി. എച്ച് 1 വിസാ ഫീസ് വർധനയുടെ വാർത്തയ്ക്കു പിന്നാലെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുത്തനെ കുതിച്ചുയർന്നു. ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയിൽനിന്ന് 70,000-80,000 ആയി.
അതേസമയം എച്ച് 1 ബി വിസാ ഫീസ് വർധനയിലൂടെ അമേരിക്കൻ തൊഴിൽ വിപണിയെ സംരക്ഷിക്കാനും ഉയർന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാൽ എച്ച്-1ബി വിസകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. എച്ച് 1 ബി വിസാ ഉടമകളിൽ 71 ശതമാനം പേരും ഇന്ത്യക്കാരാണ് എന്നതാണ്.