ദില്ലി: വെള്ളിയാഴ്ച ഇറാന്‍റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യയിലേയ്ക്കുള്ള രണ്ട് എണ്ണ ടാങ്കറുകൾ നാളെയെത്തുമെന്ന് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽ പി ജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വിവരിച്ചു.
ശിവാലിക്, നന്ദ ദേവി എന്നീ ടാങ്കറുകൾ വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് ഹോർമുസ് കടന്നത് ഇവ മാർച്ച് 16, 17 തീയതികളിലായി ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 93000 മെട്രിക് ടൺ എൽപിജിയുമായാണ് ഈ ടാങ്കറുകൾ വരുന്നത്. ഹോർമുസ് കടൽപാതയിൽ നിക്ഷേപിച്ചിരുന്ന മൈനുകൾ അടക്കം നീക്കിയാണ് ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് വഴിയൊരുക്കിയതെന്നാണ് സൂചന.
ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നും എൽ പി ജി നിറച്ച ടാങ്കറുകൾ ഇന്ത്യയിലെത്തുന്നത് . ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറുണ്ട്. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ തുടരുകയാണ്. അതേസമയം പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുത് എന്ന നിർദ്ദേശം കേന്ദ്രം വീണ്ടും നൽകി.
ഗാർഹിക ആവശ്യത്തിനുള്ള എൽ പി ജിയിൽ തല്ക്കാലം ക്ഷാമം ഇല്ല. ഒരു ദിവസം അമ്പത് ലക്ഷം വരെ ബുക്കിംഗ് സ്വീകരിക്കാനുള്ള ശേഷിയാണ് 25000 വരുന്ന ഗ്യാസ് ഏജൻസികൾക്കുള്ളത്. എന്നാൽ ഇന്നലെ ഇത് 87 ലക്ഷം ആയി ഉയർന്നെന്നും ഇതാണ് പരിഭ്രാന്തി ഉണ്ടാക്കുന്നതെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിനും ഡീസലിനും ഒരു കുറവുമില്ലെന്നും ഇത് കണ്ടയിനറുകളിൽ ശേഖരിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വാണിജ്യ സിലിണ്ടറുകളുടെ മുൻഗണന അടിസ്ഥാനത്തിലുള്ള വിതരണം സംസ്ഥാന സർക്കാരുകൾ തുടങ്ങിയതായും കേന്ദ്രം അറിയിച്ചു.
ഇന്ത്യയുടെ കൂടുതൽ എൽ പി ജി ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിഞ്ഞാൽ അത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ സഹായകരാകും. ഇന്ത്യ എന്നും ഇറാന്‍റെ സുഹൃത്തെന്ന് നരേന്ദ്ര മോദി പ്രസിഡന്‍റ് മഹമുദ് പെസഷ്കിയനോട് പറഞ്ഞതായി ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊച്ചിയിൽ അഭയം പ്രാപിച്ച ഇറാനിയൻ നാവികരെയും ഇന്ത്യയിൽ കുടുങ്ങിയ ഇറാൻ പൗരൻമാരെയും ഇന്നലെ പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടു പോകാൻ ഇന്ത്യ പ്രത്യേകസൗകര്യം ഒരുക്കിയിരുന്നു.
യുദ്ധം എത്രനാൾ നീളും എന്നത് ആർക്കും അറിയാത്ത സാഹചര്യത്തിൽ ഇറാൻ ഇന്ത്യൻ എണ്ണ ടാങ്കറുകളെ ഹോർമൂസ് വഴി പോകാൻ അനുവദിച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.












































