വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം തങ്ങളുടെ കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ‘‘സംഘർഷം അൽപം കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. പക്ഷേ അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയ്ക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതുമായ യുദ്ധത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കയ്ക്ക് പറയാനാവില്ല, അതുപോലെ തന്നെ പാക്കിസ്ഥാനികളോടും പറയാനാവില്ല. അതിനാൽ നയതന്ത്ര മാർഗങ്ങളിലൂടെ ഞങ്ങൾ ഇക്കാര്യങ്ങൾ തുടരും.’’– ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജെ.ഡി.വാൻസ് പറഞ്ഞു.
ഇതൊരു ഒരു വലിയ യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും ദൈവം അതു വിലക്കട്ടെയെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്ക് പ്രകോപനം തുടരുന്നതിനിടെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്തു വരുന്നത്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തെ ‘നാണക്കേട്’ എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. ‘ഓപ്പറേഷൻ സിന്ദൂർ’ പൂർത്തിയായി മിനിറ്റുകൾക്കുള്ളിലായിരുന്നു ട്രംപിന്റെ പ്രതികരണം. ‘എന്തോ നടക്കാൻ പോകുന്നുവെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നാണ് തോന്നുന്നത്. അവർ തമ്മിൽ (ഇന്ത്യയും പാക്കിസ്ഥാനും) പതിറ്റാണ്ടുകളായി പോരടിക്കുകയാണ്. ഇതുടനെ അവസാനിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്’– ട്രംപ് പറഞ്ഞു. മിക്ക രാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ഓപ്പറേഷൻ സിന്ദറൂറിനെക്കുറിച്ച് വിവരിച്ചിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ്, ബ്രിട്ടൻ, യുഎഇ, ജപ്പാൻ, റഷ്യ അടക്കം 8 രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കന്മാരുമായി സംസാരിച്ചു.ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ തുടർച്ചയായി പ്രകോപന സൃഷ്ടിക്കുകയാണ്. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. പഞ്ചാബിലെ പഠാൻകോട്ടും രാജസ്ഥാനിലെ ജയ്സൽമേറിലും അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 ജെഎഫ്17 പോർവിമാനങ്ങൾ വെടിവച്ചിട്ടെന്നും ജയ്സൽമേറിൽ പാക്ക് പൈലറ്റിനെ പിടികൂടിയെന്നും വിവരമുണ്ട്. എന്നാൽ സൈന്യം ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.