വാഷിങ്ടൻ: ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തിൽ ഇളവ് നൽകാൻ ട്രംപ് തയാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും യുഎസ് അതേ നികുതി ചുമത്തും. വ്യാപാര കാര്യങ്ങളിൽ സഖ്യരാജ്യങ്ങൾ ശത്രുരാജ്യങ്ങളെക്കാൾ മോശമാണെന്ന് ട്രംപ് പറഞ്ഞു.
‘മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും. സൈനികവ്യാപാരം വർധിപ്പിക്കും. എഫ് 35 അടക്കമുള്ള വിമാനങ്ങൾ ഇന്ത്യയ്‌ക്കു നൽകും. ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു.’ – ഡോണൾഡ് ട്രംപ് പറഞ്ഞു. മോദിയുടെ പ്രവർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാലു വർഷവും സൗഹൃദം നിലനിർത്തിയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൻ ഡോളറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘യുഎസിൽ നിന്ന് കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും. ട്രംപുമായി യോജിച്ച് പ്രവർത്തിച്ച് ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടും. ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും’ – മോദി പറഞ്ഞു.
വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
Narendra Modi Prime minister Narendra Modi hold talks with US president Donald Trump in White House
Donald Trump United States Of America (USA) Narendra Modi India News