ഐസിസി ടി20 ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഘട്ടങ്ങളിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ സൂപ്പർ 8-ലേക്ക് കടക്കുമ്പോൾ ടീം മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യമാണ്- സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഇടം നേടുമോ? ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിലും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഏറ്റവും നിർണായകമായ മത്സരത്തിൽ പാക്കിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തിയത് വലിയ ആത്മവിശ്വാസമാണ് ടീം ഇന്ത്യയ്ക്ക് നൽകിയത്. യുഎസ്, നമീബിയ, നെതർലൻഡ്സ് എന്നിവർക്കെതിരെയും ഇന്ത്യ വ്യക്തമായ ആധിപത്യം പുലർത്തി.
ഇതുവരെ ലൈറ്റുകൾക്കു കീഴിൽ ഇന്ത്യൻ ബൗളിംഗ് നിര കൃത്യത പുലർത്തിയെങ്കിലും ബാറ്റിംഗ് നിരയിൽ സ്ഥിരത കുറവാണ് കാണുന്നത്. നായകൻ സൂര്യകുമാർ നയിക്കുന്ന ടീം ഫിസിക്കലായും മെന്റലായും ശക്തമാണെങ്കിലും ഓപ്പണിംഗ് കോമ്പിനേഷൻ ഇപ്പോഴും ആടിയുലഞ്ഞുകൊണ്ടിരിക്കുകയാണ്.
സഞ്ജുവിന് അവസരം തുറക്കുമോ?
ടൂർണമെന്റിന് മുമ്പ് ഓപ്പണറായി ഇറങ്ങുമെന്ന് കരുതപ്പെട്ടിരുന്ന സഞ്ജു സാംസൺ പലപ്പോഴും ടീമിൽ നിന്നും പുറത്തായിരുന്നു. സെലക്ടർമാർ ഇടത് കൈയ്യൻ ഓപ്പണർമാരായ ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവർക്കാണ് മുൻഗണന നൽകിയത്. പവർപ്ലേയിൽ വേഗത്തിൽ സ്കോർ ചെയ്യാനും സ്പിൻ ഓപ്ഷൻ നൽകാനും ഇവർക്ക് കഴിവുണ്ടെന്ന വിലയിരുത്തലായിരുന്നു കാരണം.
എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിന് മുന്നോടിയായി സഞ്ജു നെറ്റ്സിൽ കഠിനമായി പരിശീലനം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. നെതർലൻഡ്സിനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് ഒരു ഘട്ടത്തിൽ മന്ദഗതിയിലായത് ടീം മാനേജ്മെന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതോടെ പ്ലേയിംഗ് ഇലവനിൽ മാറ്റത്തിന് സാധ്യതയുണ്ട്.
ആരാണ് വഴിമാറുക?
സഞ്ജുവിനെ ഉൾപ്പെടുത്തണമെങ്കിൽ അഭിഷേക് അല്ലെങ്കിൽ തിലക് എന്നിവരിൽ ഒരാൾക്ക് പുറത്തിരിക്കേണ്ടി വരും.
അഭിഷേക് ശർമ്മ അടുത്തിടെ മൂന്ന് തവണ ഡക്കായി പുറത്തായി മോശം ഫോമിലാണ്
മിഡിൽ ഓവറുകളിൽ സ്കോർബോർഡ് നീക്കാൻ തിലക് വർമ്മയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
വേഗ ബൗളർമാരെയും സ്പിന്നർമാരെയും ഒരുപോലെ നേരിടാനുള്ള പരിചയസമ്പത്താണ് സഞ്ജുവിന്റെ ഏറ്റവും വലിയ ശക്തി. അഹമ്മദാബാദ് പിച്ച് സാധാരണയായി നല്ല ബൗൺസ് നൽകുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയുടെ ശക്തമായ ബൗളിംഗ് നിരയെ നേരിടാൻ സഞ്ജുവിന്റെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് ഗുണകരമാകാം. കൂടാതെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിന്റെ ബാറ്റിങ് ശരാശരിയും മലയാളി താരത്തിന് അനുകൂല ഘടകങ്ങളാണ്.
ഏതായാലും നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കളത്തിലിറങ്ങുമ്പോൾ ബാറ്റിംഗ് കോമ്പിനേഷനിൽ സഞ്ജു സാംസൺ ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്ന ചോദ്യം, പ്രത്യേകിച്ച് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക്.
The amount of batting Sanju doing plus the body language
Will he get a game ? The question is who will they drop pic.twitter.com/L6f9GMwgE6— Rohit Juglan (@rohitjuglan) February 20, 2026















































