കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്നുവയസുകാരൻ വീണുമരിച്ച മാലിന്യക്കുഴി അപകടശേഷം അധികൃതർ പ്ലാസ്റ്റിക് കൊണ്ട് മൂടിയതാണെന്ന് റിപ്പോർട്ട്. അതുവരെ തുറന്നുകിടന്ന കുഴിയിൽ 10 മിനിറ്റോളം കുട്ടി മാലിന്യത്തിൽ പൂണ്ട് കിടന്നതായാണ് അറിയുന്നത്. ഇന്ന് ഉച്ചയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെര്‍മിനലിലെ പ്ലാസ്റ്റിക് കുഴിയില്‍ രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജു വീണത്.
വിമാനമിറങ്ങിയ ശേഷം കുട്ടിയെ കാണാതായപ്പോൾ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോടു വിവരം അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപം കുട്ടിയുടെ ചെരുപ്പ് പിതാവു കണ്ടെത്തി. പത്തുമിനിറ്റോളം കുഴിയില്‍ കിടന്ന കുട്ടിയെ വലിച്ചു മുകളിലേക്ക് എടുത്തപ്പോള്‍ വായിലുള്‍പ്പെടെ മാലിന്യം ഉണ്ടായിരുന്നു. പുറത്തെടുത്ത ഉടനെ കുട്ടി മാലിന്യം ഛര്‍ദിച്ചു. അനക്കമറ്റ കുട്ടിക്ക് സിപിആര്‍ നല്‍കിയതിനു പിന്നാലെ തൊട്ടടുത്ത അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ കഫെയുടെ അകത്തും പുറത്തുമെല്ലാം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ മാലിന്യക്കുഴി തുറന്നനിലയിലായിരുന്നു കിടന്നതെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനുപിന്നാലെ അധികൃതര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം ഇത്ര വലിയ അപകടം നടന്നിട്ടുകൂടി അപകടശേഷം മാലിന്യക്കുഴി പ്ലാസ്റ്റിക് കൊണ്ടാണ് അധികൃതര്‍ മൂടിയത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതിനുപിന്നാലെ കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ച് സിയാലും രംഗത്തുവന്നിട്ടുണ്ട്.