മുംബൈ: ഇന്ത്യൻ ഇന്ത്യൻ വ്യോമയാന ചരിത്രങ്ങൾ ഒരുപാട് വിജയങ്ങൾ കൊയ്ത ആ റഷ്യൻ സുന്ദരി മിഗ് 21ന്റെ അവസാന യാത്രയാണിന്ന്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ അറുപത് വർഷം നീണ്ട ആ യാത്രയ്ക്ക് ഇന്നു പരിസമാപ്തി കുറിക്കും.
മുൻ സോവിയറ്റ് യൂണിയനിലെ മികോയൻ-ഗുരേവിച്ച് ഡിസൈൻ ബ്യൂറോയാണ് മികോയൻ- ഗുരേവിച്ച് മിഗ്-21 സൂപ്പർസോണിക് ജെറ്റ് ഫൈറ്റർ എന്ന ഇന്റർസെപ്റ്റർ വിമാനം രൂപകൽപ്പന ചെയ്തത്. 1963-ൽ ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി ഉൾപ്പെടുത്തി. കാലക്രമേണ, സേനയുടെ പോരാട്ടവീര്യം വർദ്ധിപ്പിക്കാൻ 870-ലധികം മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന വാങ്ങിയെങ്കിലും ആദ്യമെത്തിയവളെന്ന പരിഗണന മിഗ് 21നാണ്.
അതുപോലെ ഒരുപാട് യുദ്ധങ്ങൾ കണ്ട അനുഭവ സമ്പത്തും മിഗ് 21നുണ്ട്. പാക്കിസ്ഥാനുമായുള്ള 1965-ലെയും 1971-ലെയും യുദ്ധങ്ങളിൽ മിഗ് 21 പോർവിമാനങ്ങൾ പ്രധാന ശക്തിയായിരുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിലും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിർണായക പങ്ക് വഹിച്ചു. അവസാനകാലത്ത് ആകാശത്തെ ഈ പോരാളി മോശം സുരക്ഷാ റെക്കോർഡിന്റെ പേരിലും വാർത്തകളിൽ ഇടം നേടി. മാധ്യമങ്ങൾ ഇതിനെ ‘പറക്കുന്ന ശവപ്പെട്ടി’ എന്ന് പോലും വിശേഷിപ്പിച്ചു.
അതേസമയം ഐതിഹാസിക സോവിയറ്റ് നിർമ്മിത വിമാനത്തിന് ചണ്ഡീഗഡിൽ വ്യോമസേന ഇന്നു വിപുലമായ യാത്രയയപ്പ് നൽകും. മിഗ് 21 പോർവിമാനങ്ങൾ അവസാനമായി ആകാശത്തിലൂടെ കുതിച്ചു പായുമ്പോൾ, വിങ് കമാൻഡർ അവിനാഷ് ചിക്തേ (റിട്ട.)യ്ക്ക് അത് ദീപ്തമായ ഓർമ്മയാകും. 43 വർഷം മുമ്പ് 21-ാം വയസിൽ, തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മിഗ് 21-നെ ഓർത്തെടുക്കുകയാണ് ചിക്‌തേ.
”അത് ആദ്യകാഴ്ചയിലെ പ്രണയമായിരുന്നു. ഗാംഭീര്യമുള്ള കണ്ണഞ്ചിപ്പിക്കുന്ന നേർക്കാഴ്ച്ച. 1982-ൽ സൂര്യരശ്മിയിൽ വെട്ടിത്തിളങ്ങുമ്പോഴാണ് ഞാൻ ആദ്യമായി മിഗ്-21-നെ കാണുന്നത്. മനോഹരമായിരുന്നു ആ രൂപം. നാവികർക്കും പൈലറ്റുമാർക്കും പരമ്പരാഗതമായി കപ്പലും വിമാനവും സ്ത്രീലിംഗമാണ്.” ചിക്‌തേ പിടിഐയോട് പറഞ്ഞു.
”എന്നാൽ, എനിക്ക് ഭയവുമുണ്ടായിരുന്നു. വെറും 175 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ, മിഗ് 21 പറത്താൻ ഞാൻ യോഗ്യനാണോ എന്ന് അത്ഭുതപ്പെട്ടു. അവൾക്ക് ഞാൻ ‘തീക്ഷ്ണ’ എന്ന് പേരിട്ടു. കൂർത്ത മുനയുള്ളവൾ എന്നർത്ഥം. ആദ്യത്തെ പറക്കൽ മിനിറ്റുകൾകൊണ്ട് അവസാനിച്ചു. പിന്നീട് പറക്കലിന്റെ മണിക്കൂറുകൾ അതിവേഗം വർധിച്ചു. 2,255 മണിക്കൂറിലധികം നേരം ഞാൻ ഈ വിമാനം പറത്തിയിട്ടുണ്ട്.” ഇപ്പോൾ ഒരു വാണിജ്യ വിമാനക്കമ്പനിയിൽ സീനിയർ ഇൻസ്ട്രക്ടറായ അറുപത്തിനാലുകാരനായ ചിക്‌തേ പറഞ്ഞു.
”അവളുടെയടുത്തെത്തി സീറ്റ് ബെൽറ്റ് ധരിച്ചു കഴിഞ്ഞാൽ, വിമാനം ശരീരത്തിന്റെ ഒരു ഭാഗം പോലെയാകും. ജോയ്സ്റ്റിക്കിലെ ഓരോ സ്പർശനത്തിനും തൽക്ഷണം പ്രതികരണം ഉണ്ടാവും. അവൾ ഒരു അമ്മയെപ്പോലെ, സുഹൃത്തിനെപ്പോലെ, വഴികാട്ടിയെപ്പോലെയാണ്. കൊടുങ്കാറ്റിലും അപകടങ്ങളിലും ഒപ്പമുള്ള ഒരേയൊരാൾ. സുരക്ഷിതമായി വീട്ടിലെത്തിക്കുമവൾ. എങ്കിലും, ഒരൊറ്റ എഞ്ചിനും ഒരൊറ്റ പൈലറ്റുമുള്ള യുദ്ധവിമാനം പറത്തുന്നത് ഒരിക്കലും എളുപ്പമല്ല. ഒരു യാത്രാവിമാനം പോലെയല്ല ഒരു യുദ്ധവിമാനം. സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയല്ല അതു രൂപകൽപ്പന ചെയ്തിരിക്കുന്നത്.’ ചിക്‌തേ വിശദീകരിച്ചു.
അതുപോലെ ‘മിഗ്-21 പറത്തുന്നത് കൂടുതൽ കഠിനവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. കാരണം അത് വളരെ വേഗതയേറിയതും എയറോഡൈനാമിക്കലായി അസ്ഥിരവുമായിരുന്നു, പ്രത്യേകിച്ചും കുറഞ്ഞ വേഗതയിൽ. അതിന്റെ കോക്ക്പിറ്റ് ചെറുതായിരുന്നു, ഉപകരണങ്ങളിൽ റഷ്യൻ ഭാഷയിലാണ് രേഖപ്പെടുത്തിയിരുന്നത്. റഷ്യൻ ശൈത്യകാലത്തിനായി രൂപകൽപ്പന ചെയ്ത എയർ കണ്ടീഷനിങ് ഇന്ത്യൻ വേനൽക്കാലത്ത് വളരെ ചൂടുള്ളതായിരുന്നു. അതിനാൽ ഒരുപാട് വിയർത്തു.”
”പക്ഷെ, ട്യൂമാൻസ്‌കി ആർ-25 ടർബോജെറ്റ് എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങിയാൽ പിന്നെ മറ്റൊന്നും ഒരു വിഷയമായിരുന്നില്ല. എന്നാൽ ടേക്ക്-ഓഫ് വളരെ ചെറുതും ശക്തവുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, നിലം മാഞ്ഞുപോവുകയും ആകാശം സ്വന്തമാക്കുകയും ചെയ്യും. വേഗം കൈവരിച്ചാൽ അവൾ മാറും. വേഗതയുള്ളവളും ഉത്സാഹമുള്ളവളും ജീവസ്സുറ്റവളുമായി.” ചിക്‌തേ പറഞ്ഞു.
”തീർച്ചയായും, ആ സൗന്ദര്യത്തിന് അതിന്റേതായ ചില കുഴപ്പങ്ങളുണ്ട്. കുറഞ്ഞ വേഗത്തിൽ, മിഗ്-21-ന്റെ നേർത്ത ചിറകുകൾക്ക് കൃത്യത ആവശ്യമായിരുന്നു. ഒരിക്കൽ, കടലിന് മുകളിൽ വെച്ച് പക്ഷിയിടിച്ചത് കാരണം എഞ്ചിൻ നിലച്ചു. എങ്കിലും, പരിശീലനവും വിമാനത്തിന്റെ കരുത്തുറ്റ രൂപകൽപ്പനയും എഞ്ചിൻ വീണ്ടും പ്രവർത്തിപ്പിക്കാൻ സഹായിച്ചു. വിമാനം ഇറക്കിയ ശേഷം, ഞാൻ നടന്നുചെന്ന് മുൻഭാഗത്ത് ചുംബിച്ചു. ഒരു പൈലറ്റും അദ്ദേഹത്തിന്റെ യന്ത്രവും തമ്മിലുള്ള ബന്ധം മനസിലാക്കിയതുകൊണ്ട് വ്യോമസേനാംഗങ്ങൾ ചിരിച്ചില്ല.” അദ്ദേഹം പറഞ്ഞു.
”വേറൊരിക്കൽ, പത്താൻകോട്ടിൽ നിന്ന് രാത്രിയിൽ താഴ്ന്നു പറന്നുള്ള ഒരു നിരീക്ഷണ പറക്കലിനിടെ, അമൃത്സറിനടുത്തെത്തി. രാത്രിയിൽ നിലത്തുനിന്ന് വെറും 60 മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയിൽ പറക്കുമ്പോൾ, പുറത്തേക്ക് നോക്കുന്ന തിരക്കിൽ, അറിയാതെ ഞാൻ താഴേക്ക് വരികയായിരുന്നു. റേഡിയോ ആൾട്ടിമീറ്ററിൽ നിന്നുള്ള സിഗ്‌നലുകൾ ഉപയോഗിച്ച് അവൾ എനിക്ക് മുന്നറിയിപ്പ് നൽകി. ഞാൻ വിമാനം മുകളിലേക്ക് ഉയർത്തി. ആ രാത്രി ഞാൻ ദൈവത്തിനും മിഗ്-21-നും നന്ദി പറഞ്ഞു. അല്ലെങ്കിൽ, ഏതെങ്കിലും പാടത്ത് ഒരു തീഗോളമായി മാറുമായിരുന്നു ഞാനും അവളും.” അദ്ദേഹം പറഞ്ഞു.
”കരിയറിന്റെ അവസാന കാലഘട്ടത്തിൽ പോലും, 2019-ൽ അതിനേക്കാൾ പുതുതായ എഫ്-16 വിമാനത്തെ വെടിവെച്ചിട്ടപ്പോൾ അവസാനത്തെ ചിരി മിഗ്-21ന്റേതായിരുന്നു. അതായിരുന്നു അവളുടെ ചൈതന്യം.” ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം നിയന്ത്രണരേഖയ്ക്ക് മുകളിൽ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ 2019-ൽ പാക്കിസ്ഥാന്റെ എഫ്-16 പോർവിമാനം വെടിവെച്ചിട്ടതിനെ പരാമർശിച്ച് ചിക്‌തേ പറഞ്ഞു.
”എന്റെ മിഗും ഞാനും അവസാന വിടവാങ്ങലിന് ശേഷവും ഒരുമിച്ച് പറക്കും. ദസ്വിദാനിയ (വീണ്ടും കാണുന്നതുവരെ എന്ന് റഷ്യൻ ഭാഷയിൽ).” ചിക്‌തേ പറഞ്ഞു. സത്താറ സൈനിക് സ്‌കൂളിലെയും നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായ ചിക്‌തേ, 2003-ലാണ് അവസാനമായി മിഗ്-21 പറത്തിയത്.