തൃശ്ശൂർ: തൃശ്ശൂരിൽ ഫോറൻസിക് ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂർവം തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് തൃശ്ശൂരിൽ ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കർ സ്ഥലം ചോദിച്ചത്. തൃശ്ശൂരിൽ സ്ഥലമില്ലെന്നും തിരുവനന്തപുരത്ത് തരാമെന്നുമാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. അത് തമിഴ്നാടിന് കൊടുത്തോളൂവെന്ന് പറഞ്ഞതാണ് എയിംസിനെ കൂട്ടിച്ചേർത്ത് പറഞ്ഞുണ്ടാക്കിയതെന്നും സുരേഷ് ഗോപി. തൃശ്ശൂർ മത്സ്യ, മാംസ മാർക്കറ്റിൽ നടത്തിയ എസ്ജി കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് നൽകിയ എയിംസ് മറ്റാർക്കും കൊടുക്കാനാകില്ല. അത് നമ്മുടെ സംസ്ഥാനത്തിന്റെ അവകാശമാണ്. ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെന്നതിൽ രാഷ്ട്രീയമുണ്ടെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം. ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്. തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും. എന്തുവേണമെന്ന് തൃശ്ശൂർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ ബെംഗളൂരുവിൽനിന്ന് തൃശ്ശൂരിലെ മണ്ണുത്തിയിൽ രാത്രികാലങ്ങളിൽ വരുന്നവർക്ക് നഗരത്തിലെത്താൻ ബസ് സർവീസ് ഏർപ്പെടുത്തണമെന്ന നിർദേശമുണ്ടായി. ഇതിന് മറുപടിയായി നൂറ് ഇലക്ട്രിക്കൽ ബസുകൾ കേന്ദ്രം തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സമ്മതിച്ചാൽ ഇതിൽ 25 ബസെങ്കിലും തൃശ്ശൂരിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണുത്തിയിൽനിന്ന് പൊന്നാനി വരെ ഉയരത്തിലുള്ള പാത നിർമിക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേംബർ ഓഫ് കൊമേഴ്സിൽ അവതരിപ്പിച്ചിരുന്നു. പക്ഷെ ഇത്തരത്തിലൊരു പാത വന്നാൽ തൃശ്ശൂരിന്റെ തിരക്കും ജീവനും നഷ്ടമാകും. തൃശ്ശൂരിൽനിന്ന് തിരക്ക് ഒഴിഞ്ഞുപോകാതിരിക്കുന്നതാണ് നല്ലത്. ഇത് നഗരത്തിലെ വ്യാപാരത്തെ സാരമായി ബാധിക്കും. സുസ്ഥിരതകൂടി ഉറപ്പുവരുത്തിയുള്ള വികസന പദ്ധതികളാണ് വേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

















































