ആതൻസ് : യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ ഏഴു ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കടലിൽ കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിച്ച് മുക്കിയതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ഏതാനും ദിവസങ്ങൾക്കിടയിൽ ഹൂതികൾ ആക്രമിക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇറ്റേണിറ്റി സി.
തിങ്കളാഴ്ച ഡ്രോൺ ആക്രമണങ്ങളിൽ ഇറ്റേണിറ്റി സി കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണമറ്റ കപ്പലിനുനേരെ ചൊവ്വാഴ്ചയും ഡ്രോൺ ആക്രമണമുണ്ടായി. ഇതോടെ മറ്റു ജീവനക്കാർ കപ്പലുപേക്ഷിച്ചു. ലൈഫ് ബോട്ടുകളും ആക്രമണത്തിൽ തകർന്നു. ഇന്നലെയാണു കപ്പൽ മുങ്ങിയത്. ജീവനക്കാരിൽ ചിലരെ ഹൂതികൾ പിടിച്ചുകൊണ്ടുപോയെന്നും സംശയമുണ്ട്. ഞായറാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ മാജിക് സീസ് എന്ന ഗ്രീക്ക് കപ്പലും തീപിടിച്ചു മുങ്ങിയിരുന്നു. ഇതിലെ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു.