തൃശൂർ: ചേറ്റുവയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു. ചേറ്റുവ കിഴക്കുംപുറം തേർ വീട്ടിൽ മനോജിൻ്റെ ഭാര്യ സിന്ധു (39) വിനാണ് ഭർത്താവിന്റെ കുത്തേറ്റത്. ഇവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം മനോജിൻ്റെ വീട്ടിൽ വെച്ചാണ് സിന്ധുവിന് കുത്തേറ്റത്. തിരുവോണ ദിവസം വൈകിട്ട് മനോജും ഭാര്യ സിന്ധുവും ചേറ്റുവയിലെ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു. തുടർന്ന് സിന്ധു മകളുമായി രാത്രി ഏഴ് മണിയോടെ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപോയി. പിറ്റേദിവസം വ്യാഴാഴ്ച ഉച്ചയ്ക്ക് തൻ്റെ വസ്ത്രങ്ങളെടുക്കാൻ സിന്ധു ചേറ്റുവയിലെ ഭർതൃവീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം. വാക്കേറ്റത്തെ തുടർന്ന് ഭർത്താവ് മനോജ് സിന്ധുവിനെ ആക്രമിക്കുകയായിരുന്നു. മനോജ് കത്തിയെടുത്ത് സിന്ധുവിൻറെ പുറത്താണ് കുത്തി പരുക്കേൽപ്പിച്ചത്.
കുത്തേറ്റ സിന്ധുവിൻരെ നിലവിളികേട്ട് അയൽക്കാർ ഓടികൂടിയതോടെ മനോജ് രക്ഷപ്പെട്ടു. പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ വാടാനപ്പള്ളി പോലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.