ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്ഥാൻറെ വ്യോമ താവളങ്ങളടക്കം തകർത്ത് തരിപ്പണമാക്കിയതിന്റെ ഞെട്ടലിൽ തന്നെയാണ് പാക്കിസ്ഥാൻ ഇപ്പോഴും. പ്രതിരോധിക്കാൻ സമയം കൊടുക്കാതെ, പാക് റഡാറുകളുടെ കണ്ണ് വെട്ടിച്ച് അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻറെ വ്യോമ സൈനിക കരുത്തിൻറെ 20 ശതമാനത്തോളം തകർത്തതായാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഇന്ത്യ നടത്തിയ തിരിച്ചടികൾ തടുക്കാനാകാതെ പാക്കിസ്ഥാൻ പതറിയതിന് കാരണം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
പാക്കിസ്ഥാൻ കൂടുതലും വ്യോമപ്രതിരോധത്തിനായി ആശ്രയിച്ചിരുന്നത് ചൈനീസ് സാങ്കേതിക വിദ്യകളെയായിരുന്നു. ടെക്നോളജി ഭീമൻമാരുടെ ആ ടെക്നോളജി ഹാക്ക് ചെയ്താണ് ഇന്ത്യ പാക്കിസ്ഥാൻ മണ്ണിൽ തിരിച്ചടി നൽകിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചൈനീസ് സാങ്കേതിക വിദ്യകളെയായിരുന്നു ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലുമായി വ്യോമ പ്രതിരോധത്തിനായി പാക്കിസ്ഥാൻ വിന്യസിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ വ്യോമസേന ‘മെയ്ഡ് ഇൻ ചൈന’ സാങ്കേതിക സംവിധാനങ്ങളെ നിശ്ചലമാക്കി എയർബേസുകളിലടക്കം മിന്നലാക്രമണം നടത്തി കനത്ത നാശനഷ്ടം വിതച്ചു.
മാത്രമല്ല ചൈനീസ് സംവിധാനങ്ങളെ ജാമാക്കാൻ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൊണ്ട് സാധിച്ചു. പാക് പ്രതിരോധ സംവിധാനങ്ങൾ ജാം ചെയ്ത് വെറും 23 മിനിറ്റുകൾ കൊണ്ട് പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിലടക്കം ഇന്ത്യ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ടെക്നോളജി ഭീമന്മാരായ ചൈനീസ് സാങ്കേതിക വിദ്യയെക്കാൾ മികച്ചതാണ് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടെക്നോളജിയെന്ന് വ്യക്തമാക്കുന്നതാണ് സൈന്യത്തിൻറെ നേട്ടം. ജമ്മു കാശ്മീരിലടക്കം അതിർത്തി ജില്ലകളിലും, ഇന്ത്യയിലെ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ സഹായകരമായതായാണ് സൈന്യം വിലയിരുത്തുന്നത്.
കൂടാതെ പാക്കിസ്ഥാൻറെ ആകെയുള്ള വ്യോമസൈനിക സംവിധാനത്തിൻറെ അഞ്ചിലൊന്ന് ശതമാനവും ഇന്ത്യൻ ആക്രമണത്തിൽ തകർന്നതായാണ് വിവരം. പല വ്യോമതാവളങ്ങളിലും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ സാറ്റ്ലൈറ്റ് ദൃശ്യങ്ങളുടെ തെളിവോടെ സൈന്യം കഴിഞ്ഞ ദിവസം എടുത്തിരുന്നു. എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ തകർത്തുവെന്നും, വ്യോമത്താവളങ്ങളിൽ മാത്രം ഉന്നത റാങ്കിലുള്ള സൈനികരടക്കം, 50ലേറെ പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായുമാണ് സൈന്യം വ്യക്തമാക്കിയത്. മാത്രമല്ല പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ തൊടുത്ത ചൈനീസ് പിഎൽ-15 മിസൈലുകളും തുർക്കിയുടെ ഡ്രോണുകളും, റോക്കറ്റ് ആക്രമണങ്ങളും ഇന്ത്യൻ സൈന്യം തകർത്തത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെയാണ്.