ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദീപാവലി ആശംസകൾക്ക് പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നതായി മോദി എക്സിൽ കുറിച്ചു. ഭീകരവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നതിന്റെ പേരിൽ ആരോപണം നേരിടുന്ന പാക്കിസ്ഥാനെതിരെ യുഎന്നിൽ അടക്കം ഇന്ത്യ പോരാട്ടം ശക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന് മോദിയുടെ മറുപടി. പാക്കിസ്ഥാനുമായി യുഎസ് നയതന്ത്ര ബന്ധം വർധിപ്പിക്കുന്ന ഘട്ടത്തിലാണ് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണമെന്ന് ട്രംപിനോട് മോദി ആവശ്യപ്പെട്ടത്.
‘‘പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോൺ കോളിനും ഊഷ്മളമായ ദീപാവലി ആശംസകൾക്കും നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തിൽ, നമ്മുടെ രണ്ടു മഹത്തായ ജനാധിപത്യ രാജ്യങ്ങൾ ലോകത്തെ പ്രതീക്ഷയോടെ പ്രകാശിപ്പിക്കട്ടെ. എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഐക്യത്തോടെ നമ്മൾക്ക് നിലനിൽക്കാൻ സാധിക്കട്ടെ’’ – മോദി എക്സിൽ കുറിച്ചു. വൈറ്റ്ഹൗസിൽ നടന്ന ദീപാവലി ആഘോഷത്തിനിെട ‘ഗ്രേറ്റ് ഫ്രണ്ട്’ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.