ഹൈദരാബാദ്: ഹൈദരാബാദിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറ്. മദന്നപേട്ട് ധോബിഘട്ടിലാണ് സംഭവമുണ്ടായത്. അക്രമികൾ കല്ലെറിയുകയും മസ്ജിദ്-ഇ-ജമാൽ മുഹമ്മദിയുടെ ജനൽച്ചില്ല് തകർക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്യവെയായിരുന്നു സംഭവം. ഭക്ഷണം വിതരണവും ചെയ്യുന്ന സ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ഒന്നാം നിലയിലുള്ള പള്ളിയുടെ ജനാലയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു. പള്ളിയുടെ ജനൽ ഗ്ലാസ് പൊട്ടി പള്ളിക്കുള്ളിലേക്ക് തന്നെ വീണു.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഉടൻ തന്നെ ജനൽച്ചില്ല് മാറ്റിസ്ഥാപിച്ചു.സംഭവത്തിന് പിന്നാലെ വൈകുന്നേരം എ.ഐ.എം.ഐ.എം യാകുത്പുര എം.എൽ.എ ജാഫർ ഹുസൈൻ മെറാജ് പള്ളി സന്ദർശിച്ചു. പൊലീസ് അക്രമികളെ എത്രയും വേഗം കണ്ടെത്തണമെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻകരുതൽ നടപടിയായി പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു.
വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ചേർന്ന് നഗരത്തിൽ നടത്തിയ ഹനുമാൻ ജയന്തി ഘോഷയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.
അതേസമയം സമാനമായ സംഭവം മധ്യപ്രദേശിലും നടന്നു. മധ്യപ്രദേശിലെ ഗുണയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ കല്ലേറ് നടക്കുകയായിരുന്നു. രാത്രി 7 :30 ഓടെയാണ് സംഭവം നടന്നത്, തുടർന്ന് പോലീസെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി ഭരണകൂടം അറിയിച്ചു.നിലവിൽ പ്രദേശത്ത് സമാധാനാന്തരീക്ഷമാണെന്നും അധികൃതർ പറഞ്ഞു. ‘ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഒരു കൂട്ടം ആളുകൾ കല്ലെറിഞ്ഞതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. സംഭവം വലിയ സംഘർഷത്തിലേക്ക് നീങ്ങും മുമ്പ് പോലീസെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു,’ ഭരണകൂടം പറഞ്ഞു.
ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം കല്ലെറിലേക്ക് നയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ സിൻഹ കൂട്ടിച്ചേർത്തു.