വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും തമ്മിലുള്ള ശത്രുത തനിക്ക് പരിഹരിക്കാവുന്നതിലും അപ്പുറമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പ്രതീക്ഷിച്ചതിനേക്കാൾ സങ്കീർണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന അവകാശവാദത്തിൽനിന്ന് ട്രംപ് പിൻവാങ്ങുന്നുവെന്നുള്ള സൂചനയാണ് കിട്ടുന്നത്
ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ
ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുക എന്നത് വളരെ നിസാരമായിരിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ ഇത് കൂടുതൽ കഠിനമായി മാറിയിരിക്കുന്നു. സെലൻസ്‌കിയും പുടിനും തമ്മിലുള്ള വൈരം അഗാധമാണ്. പരസ്പരമുള്ള ശത്രുതമൂലം ശ്വാസംമുട്ടുന്ന സ്ഥിതിയിലാണ് അവർ. അതുകൊണ്ട് അവർക്ക് പരസ്പരം സംസാരിക്കാൻ പോലും കഴിയുന്നില്ല,
അതേസമയം റഷ്യ- യുക്രൈൻ യുദ്ധം താൻ അവസാനിപ്പിക്കും എന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. താൻ അധികാരത്തിലേറിയതിനു ശേഷം 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് നിരവധി തവണ ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തി ഒൻപത് മാസം കഴിഞ്ഞിട്ടും വിഷയത്തിൽ ഒരു ചുവടുപോലും മുന്നോട്ട് വെക്കാൻ ട്രംപിന് കഴിഞ്ഞിരുന്നില്ല.
ആദ്യം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് യുക്രൈന് എതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് സഹായകമാകുന്നെന്നും അത് നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് 25 ശതമാനം പിഴത്തീരുവ ചുമത്തി. എന്നാൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ട്രംപിന്റെ ഭീഷണി വകവെക്കാതിരുന്നതോടെ അതും ലക്ഷ്യം കണ്ടില്ല.
പിന്നീട് എല്ലാ നാറ്റോ സഖ്യകക്ഷികളും റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണ്ണമായും നിർത്തുകയും സ്വന്തമായി ഉപരോധങ്ങൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അങ്ങനെയെങ്കിൽ റഷ്യയ്‌ക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ താൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞിരുന്നു. അതും എട്ടുനിലയിൽ പൊട്ടിയതോടെയാണ് ട്രംപ് പിന്മാറുന്നതായി സൂചന നൽകുന്ന പ്രസ്താവന ഇറക്കിയത്.