വാഷിങ്ടൻ: ഗാസയിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്ന് മുതൽ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റ് എല്ലാ കക്ഷികളും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. അവർ ഹമാസിനായി കാത്തിരിക്കുകയാണ്, ഒപ്പിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
‘‘എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവച്ചു. മുസ്‌ലിം രാജ്യങ്ങളെല്ലാം ഒപ്പുവച്ചു, ഇസ്രയേലും ഒപ്പുവച്ചു. ഞങ്ങൾ ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ. അങ്ങനെയല്ലെങ്കിൽ, അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം പലസ്തീനിലും വിദേശത്തുമുള്ള രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾക്കുള്ളിൽ ഹമാസ് നിരവധി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സങ്കീർണ്ണതകൾ കാരണം ചർച്ചകൾക്ക് നിരവധി ദിവസങ്ങൾ എടുത്തേക്കാമെന്ന് പലസ്തീൻ വൃത്തങ്ങൾ പറയുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങൾ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അടിയന്തര വെടിനിർത്തൽ, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽ പിൻവാങ്ങൽ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദിയും പറഞ്ഞു.