തൃശൂർ: ഗുരുവായൂരിലെ ലോഡ്ജുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം ടാങ്കർ ലോറിയിൽ ചക്കം കണ്ടം സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറിലെത്തിച്ച് സംസ്കരിക്കാനുള്ള നഗരസഭ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിട്ട് കോൺഗ്രസ്. ഭരണസമിതിയെ നയിക്കുന്ന സി പി എം തീരുമാനം നടപ്പിലാക്കുന്നത് പരസ്യമായി എതിർക്കുന്ന സി പി ഐ നിലപാട് ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയിലൂടെ ക്ഷേത്രനഗരിയിലെ ലോഡ്ജുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം പൈപ്പിൽ ഭൂമിക്കടിയിലൂടെ ചക്കംകണ്ടത്തുള്ള പ്ലാൻറിലെത്തിച്ച് സംസ്ക്കരിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമേ വാഹനത്തിൽ ശേഖരിച്ച് കൊണ്ട് വന്ന് സംസ്കരിക്കാനും കൗൺസിൽ തീരുമാനിച്ചു. നഗരത്തിലെ മാലിന്യം തൈക്കാട് മേഖലയിൽ കൊണ്ടുവന്ന് സംസ്കരിക്കുന്നതിൽ നാട്ടുകാർക്ക് കടുത്ത എതിർപ്പാണുള്ളത്. തൈക്കാട് പ്രദേശത്തെ നഗരത്തിന്റെ മാലിന്യത്തൊട്ടി ആക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പ്ലാൻറ് പ്രവർത്തിക്കാതെ മാലിന്യം നേരിട്ട് ചക്കം കണ്ടം കായലിലേക്ക് ഒഴുക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത് മൂലം കടുത്ത ദുരിതത്തിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ സാഹചര്യത്തിൽ വാഹനത്തിലും മാലിന്യം കൊണ്ടുവരുന്നത് കൂടുതൽ ദുരിത പൂർണ്ണമാക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർക്കൊപ്പമാണ് വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ എം ഷെഫീർ. ഭരണകക്ഷിയായ സി പി എം നടപ്പിലാക്കുന്ന തീരുമാനത്തിനെതിരെ ഷെഷീറിനൊപ്പം സി പി ഐയിലെ മറ്റ് നാല് കൗൺസിലർമാർ കൂടി കൗൺസിലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നാണ് കോൺഗ്രസിൻറെ ആരോപണം.
പദ്ധതിയെ എതിർക്കുന്നുവെങ്കിൽ ഭരണപക്ഷ പിന്തുണ ഉപേക്ഷിച്ച് സമരക്കാരോടൊപ്പം നിൽക്കാൻ സി പി ഐ തയ്യാറാക്കണമെന്ന് കോൺഗ്രസ് തൈക്കാട് മണ്ഡലം ജനറൽ സെക്രട്ടറി എം വി ബിജു ആവശ്യപ്പെട്ടു. പ്രദേശവാസികൾക്കുള്ള എതിർപ്പ് ഉന്നതതല യോഗം വിളിച്ച് പരിഹരിക്കാൻ തീരുമാനിച്ചെങ്കിലും നടപടിയായിട്ടില്ല. വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് സംസ്ക്കരിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടിയുമായി നേരിടുമെന്ന് കോൺഗ്രസ് തൈക്കാട് മണ്ഡലം പ്രസിഡണ്ട് ബി വി ജോയ് പറഞ്ഞു.