ഗാന്ധിനഗര്‍: പ്രണയബന്ധങ്ങളിലൂടെയും ഒളിച്ചോട്ടങ്ങളിലൂടെയുമുള്ള വിവാഹബന്ധങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള കരട് നിർദേശം സർക്കാർ മുന്നോട്ടുവെച്ചു. വിവാഹവിവരം വാട്സ്ആപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ മാതാപിതാക്കളെ അറിയിക്കും.
രജിസ്‌ട്രേഷന് മുന്‍പ് 30 ദിവസം നിര്‍ബന്ധിത കാത്തിരിപ്പുണ്ടാകും. ലവ് ജിഹാദ് തടയാനും യുവതികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നീക്കമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും സര്‍ക്കാര്‍ പ്രണയവിവാഹങ്ങള്‍ക്കെതിരല്ലെന്നും ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്‌വി പറഞ്ഞു.
യുവതികളുടെ അന്തസും സനാതന ധര്‍മത്തിന്‍റെ സംരക്ഷണത്തിനുമായാണ് ഭേദഗതി ചെയ്യാനുള്ള നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മതം ഉറപ്പുവരുത്താനും വിവാഹവിവരം വാട്‌സാപ്പിലൂടെയോ ഔദ്യോഗിക പോര്‍ട്ടലിലൂടെയോ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്.
അസിസ്റ്റന്റ് രജിസ്ട്രാറുടെ സ്ഥിരീകരണത്തിന് ശേഷം പത്ത് പ്രവര്‍ത്തിദിനങ്ങള്‍ക്കുള്ളില്‍ വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍ക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയക്കുന്നതിനായുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
















































