കോഴിക്കോട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവു മൂലം വലതു കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുകാരിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് വിനോദിനിക്ക് 2 ലക്ഷം രൂപ ചികിത്സാ സഹായമായി സർക്കാർ അനുവദിച്ചത്. കുട്ടിയുടെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി തുടർചികിത്സയും സർക്കാർ സഹായവും ലഭിക്കുന്നതിനായി കെ. ബാബു എംഎൽഎ വഴി സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുക അനുവദിച്ചത്.
എന്നാൽ കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നു മറ്റു വിവരമൊന്നും ലഭിച്ചിട്ടില്ല. രണ്ടു ലക്ഷം രൂപയെന്നത് കുട്ടിയുടെ ചികിത്സാ ചെലവും തുടർ സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ തുച്ഛമായ തുകയാണെന്ന് ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുളള കുട്ടിയുടെ മാതാവ് പ്രസീദ പ്രതികരിച്ചു. ‘‘രണ്ടു ലക്ഷം രൂപ തന്ന് സർക്കാർ എല്ലാം ഒതുക്കുന്നതായാണ് തോന്നുന്നത്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
കുട്ടിയുടെ ചികിത്സ കൂടാതെ വാടക, കറന്റ് ബിൽ, വെള്ളത്തിന്റെ ബിൽ തുടങ്ങി പലതും കടത്തിലാണ്. ഇനി കുഞ്ഞിന് കൈ വയ്ക്കാൻ 25 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. തൽക്കാലത്തെ ചെലവിനു മാത്രമേ ഈ തുക എന്തെങ്കിലും പ്രയോജനപ്പെടുകയുള്ളു. കുഞ്ഞിന്റെ സ്കൂൾ പഠനം ഉൾപ്പെടെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാനാകുമെന്ന് അറിയില്ല’’ – പ്രസീദ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 24നാണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈയ്ക്ക് പരുക്കു പറ്റുന്നത്. അന്നു തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്.


















































