വാഷിംഗ്ടൺ: റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുക എന്നതിനാണ് ട്രംപ് ഭരണകൂടം പ്രാധാന്യം നൽകുന്നതെന്ന് വൈറ്റ് ഹൗസ് പേഴ്‌സണൽ ഡയറക്ടർ സെർജിയോ ഗോർ. ഇന്ത്യ ഒന്നു മാറി ചിന്തിച്ചാൽ യുഎസും ഇന്ത്യയും തമ്മിലുള്ള തീരുവ സംബന്ധിച്ച വിഷയങ്ങളിൽ ഇനിയും മാറിചിന്തിക്കുമെന്നും പരിഹരിക്കപ്പെടുമെന്നും ഇന്ത്യയിലെ നിയുക്ത അമേരിക്കൻ അംബാസഡറായ സെർജിയോ പറഞ്ഞു.
പ്രതീക്ഷ നൽകുന്ന ഒരു കരാറായിരിക്കും അത്. കരാറിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോൾ അത്ര അകലെയല്ല. മറ്റു രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സഹകരണം ഞങ്ങൾ ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും സെർജിയോ അമേരിക്കൻ സെനറ്റ് യോഗത്തിൽ വ്യക്തമാക്കി.
അതുപോലെ ഇന്ത്യയെ ‘തന്ത്രപരമായ പങ്കാളി’ എന്നാണ് ഗോർ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും താൻ അതിന് പ്രതിജ്ഞാബദ്ധനാണെന്നും സെർജിയോ പറഞ്ഞു.
അതേസമയം തീരുവ പോരിന് പിന്നാലെ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടേക്കുമെന്ന പ്രതികരണവുമായി സെർജിയോയും രംഗത്ത് വരുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ‘വ്യാപാര തടസങ്ങൾ’ പരിഹരിക്കുന്നതിനായി യുഎസും ഇന്ത്യയും ചർച്ചകൾ പുനഃരാരംഭിക്കുമെന്നും തന്റെ വളരെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. ഇതിനെ മോദി സ്വാഗതം ചെയ്തിരുന്നു. അതുപോലെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ ട്രംപ് പങ്കെടുത്തേക്കുമെന്ന സൂചനയും ഗോർ നൽകിയതായാണ് റിപ്പോർട്ട്. നേരത്തെ ട്രംപ് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും ഇന്ത്യയിലെത്തില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.