തിരുവനന്തപുരം: നെഞ്ചുവേദനയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി ഇന്നു പുലർച്ചെയാണ് ജനൽവഴി ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്.
അതേസമയം നിരവധി കേസിൽ പ്രതിയായ രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് പിടിയിലായത്. പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.


















































