പയ്യന്നൂർ: രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ പാചക തൊഴിലാളി കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടുനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാത്രി 9 മണിയോടെയാണു ദാരുണമായ സംഭവം നടന്നത്. ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് കണ്ട ഉണ്ണികൃഷ്ണൻ, കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി വീട് തുറന്ന് നോക്കിയപ്പോൾ കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. മക്കളെ വിഷം നൽകി കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. തുടർന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇവർ പോലീസിൽ ബന്ധപ്പെട്ടിരുന്നു. മക്കളെ വിട്ടുനൽകുന്നതിലുള്ള സങ്കടമാണ് ഇരുവരേയും കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതിനു പിന്നിലെന്നാണ് കരുതുന്നത്.



















































