ചെന്നൈ: മയിലാടുതുറയിൽ ദുരഭിമാന കൊല. മകളുമായി പ്രണയത്തിലായിരുന്ന ദളിത് യുവാവിനെ വെട്ടിക്കൊന്ന കേസിൽ യുവതിയുടെ സഹോദരൻമാരും അമ്മ വിജയയും അടക്കം നാലുപേർ അറസ്റ്റിൽ. വർക്ക്ഷോപ് ജീവനക്കാരനായ വൈരമുത്തു(28) ആണു കൊല്ലപ്പെട്ടത്. വൈരമുത്തുവും വിജയയുടെ മകൾ മാലിനിയുമായി 10 വർഷമായി പ്രണയത്തിലായിരുന്നു.

കഴിഞ്ഞ 14ന് പോലീസ് സ്റ്റേഷനിലേക്ക് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. തുടർന്ന് മാലിനി വൈരമുത്തുവിനും കുടുംബത്തിനുമൊപ്പം പോയി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വൈരമുത്തുവിനെ ആറംഗ സംഘം ആക്രമിച്ചു. മാതാവിന്റെ പ്രേരണയിൽ യുവതിയുടെ സഹോദരൻമാർ യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.













































