മൂന്നാർ: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്നു റിപ്പോർട്ട്. ഇതിനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽനിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം.
ഒടുവിൽ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു: ‘‘ഞാൻ ബിജെപിയിൽ ചേരും.’’ ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ വെളിപ്പെടുത്തി. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോർട്ട്.















































