പത്തനംതിട്ട: ശബരിമല വിഷയത്തിൽ നിന്ന് സിപിഎം രക്ഷപെടണമെങ്കിൽ തന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം മുൻ എംഎൽഎ കെ.സി രാജഗോപാലൻ. തന്ത്രിയെ പിടിച്ചാൽ എല്ലാ തന്ത്രിമാരും കുടുങ്ങും, തന്ത്രിയറിയാതെ നെറ്റിയേൽ തൊടാൻ ഒരു ഭസ്മം പോലും ശബരിമലയിൽ നിന്ന് കിട്ടില്ല, ശബരിമലയെ സംബന്ധിച്ച് പത്മകുമാർ പറഞ്ഞ ആ ദൈവ തുല്യൻ തന്ത്രിയല്ലാതെ മറ്റാരുമല്ലായെന്നും കെസിആർ ആരോപിച്ചു. തനിക്ക് എൻ വാസുവിനെ വ്യക്തിപരമായി അറിയാം. അയാൾ അത്ര കുഴപ്പക്കാരനാണെന്നു കരുതുന്നില്ലായെന്നും മുൻ എംഎൽഎ പറഞ്ഞു.
തനിക്ക് ചെറുപ്പം മുതൽ പന്തളം കൊട്ടാരവുമായുള്ള ബന്ധം വച്ച് ഒരു കാര്യം ഉറപ്പാണ്. തന്ത്രിയറിയാതെ ഒരു പൂ പോലും ശബരിമലയിൽ നിന്ന് പോവില്ല. ഈ പറയുന്നത് ഗുരുതരമായ ആരോപണമാണെന്നറിയാം. എന്നാൽ ഇത് സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനേയും രക്ഷപ്പെടുത്താൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്നും കെ.സി രാജഗോപാലൻ തുറന്നടിച്ചു. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തത്. അതുകൊണ്ടാണ് തൻറെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നും കെസി രാജഗോപാലൻ പ്രതികരിച്ചു. തന്നെ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും അയാൾ കഴിവുകെട്ടവനാണെന്നും കെസി രാജഗോപാലൻ പറഞ്ഞു
മാത്രമല്ല നേതൃത്വത്തിൻറെ പിടിപ്പുകേടിൽ കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായെന്നും കോൺഗ്രസുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയതെന്നും കെസി രാജഗോപാലൻ ആരോപിച്ചു. കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിൻ വിവരം കെട്ടവനാണെന്നും പത്രം വായിക്കാത്തവനാണെന്നും സമൂഹത്തിൽ എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ലെന്നും രാജഗോപാലൻ ആക്ഷേപിച്ചു.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സ്റ്റാലിൻമാരാണ് പാർട്ടിയിലുള്ളതെന്നും അത്തരക്കാരക്കാരെ പുറത്താക്കണമെന്നും രാജഗോപാലൻ പറഞ്ഞു. തന്നെ തോൽപ്പിക്കാൻ എല്ലാ ശ്രമവും നടത്തി. മാത്രമല്ല വീണ ജോർജിനെയും തകർത്ത് ആറന്മുളയിൽ മത്സരിക്കുകയാണ് ലക്ഷ്യം. പാർട്ടി തോൽക്കുമ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവനാണ് സ്റ്റാലിൻ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഎ നേതൃത്വത്തിന് പരാതി നൽകുമെന്നും കെസി രാജഗോപാലൻ പറഞ്ഞു.
അതേസമയം പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥാനാർത്ഥിയായിരുന്നു കെസി രാജഗോപാലൻ. സിപിഎം ശക്തികേന്ദ്രമായിരുന്ന മെഴുവേലി പഞ്ചായത്ത് ഇത്തവണ കോൺഗ്രസ് പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. കടത്ത വിഎസ് അനുകൂലിയായ കെസി ആർ പ്രചാരണ പോസ്റ്ററിൽ വിഎസിൻറെ ചിത്രമടക്കം ഉൾപ്പെടുത്തിയിരുന്നു.


















































