തിരുവനന്തപുരം: അഴിമതി കേസിൽ റിമാൻഡിലായ ഉദ്യോഗസ്ഥനെ തിരികെ നിയമിക്കാൻ വനംമന്ത്രിയുടെ ഇടപെടൽ. ഇരുതലമൂരിയെ കടത്തിയ പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് അതേ സ്ഥാനത്ത് നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുധീഷ് കുമാറിനെ തിരിച്ചെടുക്കണമെന്ന് വനംവകുപ്പ് സെക്രട്ടറി വനം മേധാവിക്ക് നിർദ്ദേശം നൽകി.
അഴിമതികേസ് അടക്കം 10 കേസിൽ പ്രതിയായ റെയ്ഞ്ച് ഓഫീസ് സുധീഷ് കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സർക്കാരിന് ശുപാർശ നൽകിരുന്നു. ഈ ശുപാർശ തള്ളിയാണ് അഴിമതി കേസിൽ സസ്പെഷനിലായിരുന്ന സുധീഷ് കുമാറിനെ വനംമന്ത്രി നേരിട്ട് ഇടപെട്ട് തിരിച്ചെടുത്തത്.
പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായിരിക്കെ ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളെ രക്ഷിക്കാൻ അവരുടെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് സുധീഷ് കുമാർ സസ്പെഷനിലാകുന്നത്. എട്ട് ആഴ്ചത്തെ സസ്പെൻഷന് ശേഷം പാലോട് റേഞ്ചിൽ നിയമനം നൽകി. നേരത്തേയുള്ള അഴിമതി കേസിൽ വിജിലൻസ് രണ്ടാഴ്ച മുമ്പ് സുധീഷിനെ അറസ്റ്റ് ചെയ്തതോടെ വീണ്ടും സസ്പെഷനിലായി. ജാമ്യത്തിലിറങ്ങിയ സുധീഷ് വീണ്ടും നിയമനം ആവശ്യപ്പെട്ട് വനംമന്ത്രിക്ക് അപേക്ഷ ൽകി. അപേക്ഷ മിന്നൽ വേഗത്തിലാണ് മുന്നോട്ട് നീങ്ങിയത്. അന്വേഷണം അവസാനിച്ചതിനാൽ തിരിച്ചെടുക്കുന്നതിൽ തടസമില്ലെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.
ഇതിനുപിന്നാലെ പാലോട് റെയ്ഞ്ചിൽ തന്നെ പുനർ നിയമനം നൽകാൻ വനംമന്ത്രി നിർദ്ദേശം നൽകി. ഈ മാസം 30നാണ് സുധീഷ് കുമാർ വിരമിക്കുന്നത്. മന്ത്രിയുടെ ഓഫീസിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ചിലർ ശ്രമിക്കുന്നുവെന്ന് ഇൻറലിൻസ് റിപ്പോർട്ട് മന്ത്രിക്ക് മുന്നിൽ തന്നെയുണ്ട്. അതിൽ പേരെടുത്ത് പറയുന്ന ഉദ്യോഗസ്ഥനെയാണ് മന്ത്രി കൈവിട്ട് സഹായിക്കുന്നതെന്ന ആക്ഷേപം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലുണ്ട്