ഗാസ: ഗാസയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹെർ, മൊഅമെൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവർ കഴിഞ്ഞിരുന്ന ടെൻറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാസയുടെ നേർചിത്രം ലോകത്തിന് കാട്ടിക്കൊടുത്ത യുവ മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയിൽ കഴിഞ്ഞ 22 മാസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 200ലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ഹമാസിൻറെ ഭീകര സെല്ലിൻറെ തലവനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിൻറെ പ്രതികരണം. കൊല്ലപ്പെട്ട അനസ് അൽ ഷെരീഫിനെ മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദി എന്നും ഇസ്രയേൽ സൈന്യം അധിക്ഷേപിച്ചു. എന്നാൽ കൊല്ലപ്പെട്ട മറ്റ് മാധ്യപ്രവർത്തകരെ കുറിച്ചുള്ള കാര്യത്തിൽ ഇസ്രയേൽ മൗനം പാലിച്ചു.
ഇതിനിടെ ഗാസ കീഴടക്കാനുള്ള സൈനിക പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയും നീക്കത്തെ ന്യായീകരിച്ചും മാധ്യമങ്ങൾക്ക് മുന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഹമാസിനെ പരാജയപ്പെടുത്താൻ മറ്റു മാർഗമില്ലെന്നാണ് വാദം. ഗാസ പിടിക്കാനുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്ര സമ്മർദത്തിന് പുറമെ ഇസ്രയേലിനുള്ളിലും എതിർപ്പ് കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
നെതന്യാഹു പറഞ്ഞതിങ്ങനെ- “ഇപ്പോൾത്തന്നെ ഗാസയുടെ 75 ശതമാനത്തോളം ഇസ്രയേൽ നിയന്ത്രണത്തിലാണ്. സൈനിക നടപടിക്ക് മുൻപായി സുരക്ഷാ മേഖലകൾ പ്രത്യേകം നിശ്ചയിക്കും. സിവിലിയന്മാർക്കായി പ്രത്യേകം സുരക്ഷാ മേഖലകളിൽ ഭക്ഷണവും വെള്ളവും ചികിത്സയും നൽകും. വേഗത്തിൽ നടപടി പൂർത്തിയാക്കും. ഹമാസിനെ പരാജയപ്പെടുത്തും. പുതിയ സിവിലിയൻ ഭരണം കൊണ്ടു വരും. ബന്ദികളെ മോചിപ്പിക്കും.”
കൂടാതെ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏറ്റവും ഉചിതമായ വഴിയെന്നാണ് ഇസ്രയേൽ ന്യായീകരണം. ഇതിനിടെ യുകെ, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ഗ്രീസ്, സ്ലോവേനിയ എന്നീ രാഷ്ട്രങ്ങൾ ഇസ്രയേൽ നീക്കത്തോട് എതിർപ്പ് ആവർത്തിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയും ഇസ്രയേലിന്റെ നീക്കത്തെ അപലപിച്ചു.