ന്യൂയോർക്ക്: കോൾഡ്‌പ്ലേയുടെ സംഗീത പരിപാടിയിൽ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കാബോട്ടിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അനാലിസിസ് സ്ഥാപനമായ അസ്ട്രോണമറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആൻഡി ബൈറോണിനെ കമ്പനി നിർബന്ധിത അവധിയിൽ അയച്ചു. സഹസ്ഥാപകനും ചീഫ് പ്രോഡക്റ്റ് ഓഫീസറുമായ പീറ്റ് ഡിജോയിയെ ഇടക്കാല സിഇഒയായി നിയമിക്കുകയും ചെയ്തു.
ആൻഡി ബൈറണും കാബോട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡയറക്ടർ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും ടെക് കമ്പനി അറിയിച്ചു. ആൻഡി ബൈറൺ അവധിയിൽ പ്രവേശിച്ചതിനാൽ സഹസ്ഥാപകനും ചീഫ് പ്രൊഡക്റ്റ് ഓഫീസറുമായ പീറ്റ് ഡിജോയ് നിലവിൽ ഇടക്കാല സിഇഒ ആയി ചുമതലയേറ്റെന്നും വരും ദിവസങ്ങളിൽ ഉചിതമായ സമയത്ത് കൂടുതൽ വിശദാംശങ്ങൾ പങ്കിടുമെന്നും കമ്പനി എക്‌സിലെ ഒരു പോസ്റ്റിൽ അത് പറഞ്ഞു.
സ്ഥാപനം ആരംഭിച്ചതുമുതൽ ഞങ്ങളെ നയിച്ച മൂല്യങ്ങളോടും സംസ്കാരത്തോടും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെണെന്നും പോസ്റ്റിൽ പറയുന്നു. ഞങ്ങളെ നയിക്കുന്നവർ പെരുമാറ്റത്തിലും ഉത്തരവാദിത്തത്തിലും മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പങ്കിടുമെന്നും കമ്പനി പറഞ്ഞു. അതേസമയം, ബൈറൻ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ബോസ്റ്റണിലെ കോൾഡ്‌പ്ലേ സംഗീത പരിപാടിയിൽ ബൈറൺ കാബോട്ടിനെ ആലിംഗനം ചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദമുണ്ടായത്. സംഗീത പരിപാടിയിലെ ‘കിസ് കാം’ ബൈറോണിന്റെയും കാബോട്ടിന്റെയും അടുത്തേക്ക് വന്നപ്പോഴാണ് വേദിക്ക് ചുറ്റുമുള്ള കൂറ്റൻ സ്‌ക്രീനുകളിൽ ഇരുവരും പതിഞ്ഞത്.
ആൻഡി ബൈറണിന്റെ കുടുംബത്തിലും അസ്വാരസ്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അധ്യാപികയായ മേഗൻ കെറിഗനാണ് ബൈറന്റെ ഭാര്യ. ബന്ധത്തിൽ ഇരുവർക്കും രണ്ട് മക്കളുണ്ട്. മസാച്യുസെറ്റ്സിൽ താമസിക്കുന്ന പ്രശസ്തയായ ഒരു അധ്യാപികയാണ് മേഗൻ കെറിഗൻ. 50 കാരിയായ അവർ മസാച്യുസെറ്റ്സിലെ ബാൻക്രോഫ്റ്റ് സ്കൂളിലെ അസോസിയേറ്റ് ഡയറക്ടറാണ്. വീഡിയോ വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം, അവർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേര് നീക്കം ചെയ്തു.