ചേർത്തല: ചേർത്തല തിരോധാനക്കേസ് കൂടാതെ തിരുനെല്ലൂർ സ്വദേശി ജയദേവന്റെ ദുരൂഹ മരണത്തിന് പിന്നിലും പ്രതി സെബാസ്റ്റ്യനാണെന്ന് സംശയം. സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണ് ജയദേവൻ. എഫ്‌സിഐ ഉദ്യോഗസ്ഥനായ ജയദേവനെ 2008 ഏപ്രിൽ ഏഴിനു റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിലവിൽ മൂന്നു സ്ത്രീകളുടെ തിരോധാനവും അവരുടെ മരണവും സംബന്ധിച്ചുള്ള കേസുകളിൽ സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴാണ് ഉറ്റ സുഹൃത്തായ ജയദേവന്റെ മരണവും സെബാസ്റ്റ്യനിലേക്കു വിരൽ ചൂണ്ടുന്നത്. സെബാസ്റ്റ്യൻ ജയദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നുവെന്നും ബന്ധു റെജി മോൻ പ്രതികരിച്ചു. മരിക്കുമ്പോൾ ജയദേവന് കോടികളുടെ ആസ്തിയുണ്ടായിരുന്നുവെന്നും ചിട്ടിനടത്തിയ തുക അടക്കം കോടികൾ ജയദേവന്റെ കയ്യിൽ ഉണ്ടായിരുന്നുവെന്നും റെജി മോൻ പറഞ്ഞു. എന്നാൽ ആ പണം എങ്ങോട്ട് പോയെന്നതും ദുരൂഹമാണ്. സെബാസ്റ്റ്യന്റെ വിവാഹം നടത്തിയത് ജയദേവനാണ്. ജയദേവൻ തിരുനെല്ലൂർ ശ്രീ വിശാഖപുരം ക്ഷേത്ര കമ്മിറ്റി ഖജാൻജിയായിരുന്നു. ക്ഷേത്രത്തിന്റെ പണം ഉൾപ്പെടെ കൈകാര്യം ചെയ്തത് ജയദേവനായിരുന്നു’, റെജി മോൻ പറഞ്ഞു.
ഇതിനിടെ സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. സെബാസ്റ്റ്യൻ പണയം വച്ചതും വിറ്റതുമായ സ്വർണാഭരണങ്ങളും ജെയ്നമ്മയുടേത് തന്നെയാണെന്ന് നേരത്തെ ഉറപ്പിച്ചിട്ടുണ്ട്. ജെയ്നമ്മയുടെ ഫോൺ സിഗ്‌നലുകൾ ഏറ്റവും ഒടുവിൽ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവായി. ഈ ഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതിന്റെയും സിം റീചാർജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം കേസിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിക്കുമ്പോഴും പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. 2024 ഡിസംബർ 20നാണ് ജെയ്നമ്മയെ കാണാതായത്. ഇവർ തന്റെ സുഹൃത്തായിരുന്നുവെന്നും പ്രാർത്ഥനാ യോഗങ്ങളിൽവെച്ചാണ് പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യൻ നേരത്തെ മൊഴി നൽകിയിരുന്നു.