ന്യൂഡൽഹി : മകനെ കൊന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊടുംകുറ്റവാളിയായ അമേരിക്കൻ സ്വദേശിനിയെ ഇന്ത്യയിൽ നിന്നും എഫ് ബി ഐ അറസ്റ്റ് ചെയ്തു. ആറ് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ എഫ് ബി ഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ നാലാമതായി ഉൾപ്പെട്ട സിൻഡി റോഡ്രിഗ്രസ് സിങിനെയാണ് ഇന്ത്യയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന ആറ് വയസ്സുള്ള സ്വന്തം മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ ടെക്സസിലെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയ കുറ്റമാണ് സിൻഡിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതക കുറ്റത്തിനും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ രാജ്യം വിട്ടതിനും ഇവർക്കെതിരെ അമേരിക്കയിൽ കേസെടുത്തിട്ടുണ്ട്.
2023 മാർച്ചിൽ ഭർത്താവിനും ആറ് കുട്ടികൾക്കുമൊപ്പം യു എസ് വിട്ട സിങ്ങിനെ എഫ് ബി ഐ ഇന്ത്യയുടെ സഹായത്തോടെയാണ് പിടികൂടിയത്. മകൻ നോയൽ അൽവാരെസിനെ 2022 ഒക്ടോബറിലാണ് അവസാനമായി കണ്ടത്. 2023 മാർച്ചിൽ നടന്ന ഒരു പരിശോധനയിൽ കുട്ടി അമ്മയ്ക്ക് ഒപ്പമില്ലെന്ന് അധികൃതർക്ക് വ്യക്തമായി. അന്വേഷിച്ചപ്പോൾ നോയൽ മെക്സിക്കോയിലുള്ള പിതാവിനൊപ്പമാണുള്ളതെന്ന് സിൻഡി കള്ളം പറഞ്ഞു. പിന്നാലെ ദിവസങ്ങൾക്കു ശേഷം അവർ ഇന്ത്യക്കാരനായ രണ്ടാം ഭർത്താവിനൊപ്പം ഇന്ത്യയിലേക്ക് കടന്നു. യാത്രാ രേഖകൾ പരിശോധിച്ചപ്പേൾ കുട്ടി പിതാവിനൊപ്പം മെക്സിക്കോയിലേക്കോ അമ്മയ്ക്ക് ഒപ്പം ഇന്ത്യയിലേക്കോ പോയിട്ടില്ലെന്നും വ്യക്തമായത്.
ഇതോടെയാണ് കുറ്റകൃത്യത്തിന്റെ വിവരം വ്യക്തമായത്. ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളുമായി ബന്ധമുള്ള യുഎസ് പൗരയായ സിൻഡി സിങ് 2023 ജൂലൈയിലാണ് എഫ്ബിഐ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ചേർത്തത്. നിലവിൽ യുഎസിലേക്ക് കൊണ്ടുപോയ സിൻഡി അവിടെ വിചാരണ നേരിടും.