തിരുവനന്തപുരം: ഒരിക്കൽ തന്റെ ജീവാത്മാവും പരമാത്മാവുമായ അങ്കണം. ഇവിടെവച്ചായിരുന്നു പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. ഇവിടെ വച്ചായിരുന്നു പല വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നത്. ഒടുവിൽ 2011 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ അതേ സെക്രട്ടേറിയറ്റ് മുറ്റത്തേക്ക് വിഎസ്സെത്തി അന്ത്യ യാത്ര പറയുവാൻ. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിനു വെക്കും. പിന്നീടു വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്കരിക്കും.
ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽനിന്ന് വിലാപ യാത്രയായാണ് വിഎസ്സിന്റെ ഭൗതികദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരമർപിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം. വിഎസ്സിന്റെ നിര്യാണത്തിൽ സർക്കാർ 22 മുതൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു.
അതുപോലെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിങ് ബോർഡ് ജംക്‌ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവടങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകണം.