കടയ്ക്കൽ (കൊല്ലം): കുറച്ചുനാളുകളായി കടുത്ത വിഭാഗീയത നിലനിൽക്കുന്ന കടയ്ക്കലിൽ നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് സിപിഐയിൽ കൂട്ടരാജി. കടയ്ക്കൽ മണ്ഡലം മുൻ സെക്രട്ടറിയും ജില്ലാ കൗൺസിൽ മുൻ അംഗവുമായ ജെ.സി. അനിലിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ ഉൾപ്പെടെയുള്ളവർ രാജിവച്ചു. കഴിഞ്ഞ രണ്ടുവർഷമായി മണ്ഡലത്തിൽ നിലനിൽക്കുന്ന സംഘടനാപ്രശ്നങ്ങളിൽ ജില്ലാ നേതൃത്വം സ്വീകരിച്ച കടുത്ത വിഭാഗീയ നിലപാടാണ് രാജിക്ക് കാരണമെന്ന് പാർട്ടിവിട്ടവർ വ്യക്തമാക്കി.
പാർട്ടിവിവരിൽ മുല്ലക്കര രത്നാകരന്റെ സഹോദരിയും മണ്ഡലം കമ്മിറ്റി അംഗവും കുമ്മിൾ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ പി. രജിതകുമാരിയും ഉൾപെടുന്നു. പി. രജിതകുമാരിയേയും ജെ.സി. അനിലിനേയും കൂടാതെ മണ്ഡലം അസി. സെക്രട്ടറി പി. പ്രതാപൻ, കിസാൻസഭ സംസ്ഥാന കൗൺസിൽ അംഗം കണ്ണൻകോട് സുധാകരൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജി.എസ്. പ്രിജിലാൽ, വി. ബാബു, സി.പി. ജെസിൻ, കെ. ഓമനക്കുട്ടൻ, പി.ജി. ഹരിലാൽ, എൽസി സെക്രട്ടറിമാരായ സുധിൻ കടയ്ക്കൽ, ഇ.വി. ജയപാലൻ, ആർ. രമേശ്, മുല്ലക്കര രത്നാകരന്റെ സഹോദരിയും മണ്ഡലം കമ്മിറ്റി അംഗവും കുമ്മിൾ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ പി. രജിതകുമാരി എന്നിവരാണ് രാജിവെച്ചത്.
10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, ഒൻപത് ബ്ലോക്ക്/ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, 11 സഹകരണ ബാങ്ക് ഡയറക്ടർമാർ ഉൾപ്പെടെ 700-ലധികം പാർട്ടി അംഗങ്ങളും 200-ലധികം അനുഭാവികളും പാർട്ടിവിട്ടതായി നേതാക്കൾ പറഞ്ഞു. കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ കീഴിൽവരുന്ന കടയ്ക്കൽ, ചിതറ, കുമ്മിൾ, ഇട്ടിവ പഞ്ചായത്തുകളിലുള്ളവരാണിവർ. മണ്ഡലത്തിലെ 40-ൽപ്പരം ബ്രാഞ്ച് കമ്മിറ്റികൾ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായും നേതാക്കൾ അറിയിച്ചു.