ഹൂസ്റ്റൺ: 1998-ൽ മുൻ കാമുകിയെയും അവളുടെ ആൺ സുഹൃത്തിനേയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ടെക്‌സസിലെ ഡെത്ത് റോ തടവുകാരന് വധശിക്ഷ നടപ്പാക്കി. ജയിൽനിന്നുള്ള ധൈര്യമായ രക്ഷാപ്രവർത്തനത്തിലൂടെ ഒരുകാലത്ത് വാർത്തകളിൽ ഇടം നേടിയ ചാൾസ് വിക്ടർ തോംപ്സണെയാണ് (55) ബുധനാഴ്ച ലേതൽ ഇൻജക്ഷൻ വഴി വധിച്ചത്. ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് അറിയിച്ചതനുസരിച്ച്, വൈകിട്ട് 6.50-ന് തോംപ്സനെ മരിച്ചെന്ന് പ്രഖ്യാപിച്ചു.
ഡെന്നിസ് ഹെയ്സ്ലിപ്പ് (39), അവളുടെ സുഹൃത്ത് ഡാരൻ കെയിൻ (31) എന്നിവരെയാണ് തോംപ്സൺ കൊലപ്പെടുത്തിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. വിചാരണക്കാലത്ത് ഹൂസ്റ്റണിലെ ജയിലിൽനിന്നും തോംസൺ രക്ഷപ്പെട്ടിരുന്നു. തുടർന്ന് മൂന്നു ദിവസത്തിനുശേഷം കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. എന്നാൽ വധശിക്ഷയ്ക്കു ഒരു മണിക്കൂർ മുൻപ് ശിക്ഷയിൽ ഇളവുതേടിയുള്ള തോംസണിന്റെ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളി.
അതേസമയം 2026-ലെ അമേരിക്കയിലെ ആദ്യ വധശിക്ഷ കൂടിയാണിത്. 2025-ൽ മാത്രം യുഎസിൽ 47 വധശിക്ഷകൾ നടപ്പാക്കിയിരുന്നു. ഈ വർഷം ഇതുവരെ 17 വധശിക്ഷകൾ കൂടി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, അപ്പീലുകളും ഗവർണർമാരുടെ ഇടപെടലുകളും മൂലം എണ്ണം മാറാൻ സാധ്യതയുണ്ട്.
സംഭവം ഇങ്ങനെ-
1998 ഏപ്രിൽ 30-ന്, ഹെയ്സ്ലിപ്പ് തന്റെ മുൻ കാമുകനായ തോംപ്സനോട് താൻ ഡാരൻ കെയിനൊപ്പം ജീവിതം തുടരാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. അന്നുരാത്രി ഏകദേശം പുലർച്ചെ 3 മണിയോടെ മദ്യപിച്ച നിലയിൽ തോംപ്സൺ അപ്പാർട്ട്മെന്റിലെത്തിയതായും, തുടർന്ന് രണ്ട് പുരുഷന്മാരും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പിന്നീടു പോലീസെത്തിയ ശേഷം തോംപ്സനെ സ്ഥലത്തുനിന്ന് വിട്ടയച്ചു.
എന്നാൽ മൂന്നു മണിക്കൂർ കഴിഞ്ഞ് തോംപ്സൺ തോക്കുമായി തിരിച്ചെത്തി. വാതിൽ തകർത്ത് അകത്ത് കയറിയ ഇയാൾ ഡാരൻ കെയിനെ നാലുതവണ വെടിവെച്ച് കൊലപ്പെടുത്തി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഹെയ്സ്ലിപ്പിന്റെ കാലിൽ വെടിവെച്ച ഇയാൾ, അടുത്ത് നിന്നു മുഖത്ത് വെടിവെച്ച് കൊലപ്പെടുത്തിയതായും കോടതി രേഖകൾ പറയുന്നു.
അതേസമയം വധശിക്ഷയ്ക്ക് മുൻപ് തോംപ്സൺ ഇരകളുടെ കുടുംബങ്ങളോട് മാപ്പ് അപേക്ഷിച്ചു. “ഇരകളുടെ കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും മനസ്സിൽ ക്ഷമ കണ്ടെത്താൻ കഴിയട്ടെ. ഈ സംഭവത്തിൽ വിജയികൾ ആരുമില്ല. 28 വർഷങ്ങൾക്ക് ശേഷവും ഇത് കൂടുതൽ ഇരകളെയും വേദനയെയും സൃഷ്ടിക്കുന്നു. ഞാൻ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു”.


















































