റാവൽപിണ്ടി: നിലവിൽ തടവിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വർഷത്തെ തടവ് വിധിച്ച് പാക് കോടതി. തോഷാഖാന അഴിമതിക്കേസിലാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലിൽ നടന്ന വിചാരണയിൽ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ദ് ആണ് ഇരുവർക്കും ശിക്ഷ വിധിച്ചത്.
2021 മേയ് മാസത്തിൽ ഇമ്രാൻ ഖാൻ പ്രസിഡന്റായിരിക്കേ, സൗദി കിരീടാവകാശി ഇമ്രാൻ ഖാന് സമ്മാനിച്ച വിലയേറിയ ബൾഗാരി ഡയമണ്ട് ജ്വല്ലറി സെറ്റാണ് ഇരുവരേയും ജയിലിലെത്തിച്ചത്. പാക് നിയമപ്രകാരം ഭരണാധികാരികൾക്ക് ലഭിക്കുന്ന ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങൾ തോഷാഖാന എന്ന സർക്കാർ ഖജനാവിലേക്ക് നൽകണം. ഇനി ഭരണാധികാരികൾ അതു സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുക സർക്കാരിലേക്ക് നൽകണം. എന്നാൽ, ഇതിന്റെ യഥാർഥ വില കുറച്ചുകാണിച്ച് വളരെ ചെറിയ തുക മാത്രം ഖജനാവിലടച്ചാണ് ഇമ്രാനും ബുഷ്‌റ ബീബിയും അത് സ്വന്തമാക്കുകയായിരുന്നു.
പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് (വിശ്വസ്തതാ ലംഘനം) പ്രകാരം 10 വർഷത്തെ കഠിന തടവിനും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴുവർഷം വീതവുമാണ് ശിക്ഷ. ഇരുവരും പത്ത് ദശലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. 80 മില്യൺ പാക്കിസ്ഥാനി രൂപ വിലമതിക്കുന്ന ആഭരണങ്ങൾക്ക് 2.9 മില്യൺ പാക്കിസ്ഥാനി രൂപ മാത്രം നൽകിയെന്നാണ് പ്രോസിക്യൂഷൻ വാദം. അതേസമയം ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്‌റ ബീബി സ്ത്രീയാണെന്നതും പരിഗണിച്ച് കുറഞ്ഞ ശിക്ഷയാണ് നൽകിയതെന്നാണ് കോടതി വ്യക്തമാക്കി.
















































