ഹനോയ്: വിമാനത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിയെ ഭാര്യ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിയറ്റ്‌നാമിലെ ഹനോയിയിൽ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിമാനത്തിൽനിന്ന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് ഭാര്യ ബ്രിജിറ്റ് മാക്രോൺ ഇമ്മാനുവൽ മാക്രോണിനെ മുഖത്ത് തല്ലി എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഹനോയിയിൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഭവം ക്യാമറയിൽ പതിഞ്ഞത്. സംഭവം സത്യമാണെന്നു പ്രസിഡന്റ് സമ്മതിക്കുകയും ചെയ്തു.
അതേസമയം ഏഴുദിവസത്തെ തെക്കുകിഴക്കനേഷ്യൻ പര്യടനത്തിനായി വിയറ്റ്‌നാമിലെത്തിയതായിരുന്നു ഇമ്മാനുവൽ മാക്രോണും ഭാര്യയും. എയർപ്പോട്ടിൽ പുറത്തിറങ്ങാനായി വിമാനത്തിന്റെ വാതിൽ തുറന്നതിന് പിന്നാലെ ബ്രിജിറ്റ് ഭർത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും അദ്ദേഹത്തെ തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മാക്രോണി കൈ കൊണ്ട് തടയുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇതിനിടെ വാതിൽ തുറന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ യാതൊന്നും സംഭവിക്കാത്തപോലെ പുറത്തുള്ളവരെ ഇമ്മാനുവൽ മാക്രോൺ അഭിവാദ്യം ചെയ്യുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. പിന്നാലെ വിമാനത്തിൽനിന്ന് പുറത്തേക്ക് വരുമ്പോൾ ഇമ്മാനുവൽ മാക്രോണിന്റെ കൈകൾ ചേർത്തുപിടിക്കാതെ ഭാര്യ നടന്നുവരുന്നതും വീഡിയോയിലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമാനത്തിലെ വീഡിയോ പ്രചരിച്ചത്.
സംഭവം പുറത്തുവന്നതോടെ വീഡിയോ വിശ്വസനീയമല്ലെന്നായിരുന്നു ആദ്യം മാക്രോണിൻറെ ഓഫീസ് പ്രതികരിച്ചത്. എന്നാൽ വാർത്താ ഏജൻസികളടക്കം വീഡിയോ പുറത്ത് വിട്ടതോടെ ഇത് വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെ ആണെന്നും ഭാര്യ- ഭർത്താക്കന്മാർക്കിടയിലുണ്ടായ ചെറിയ കലഹം മാത്രം ആണെന്നും ഓഫീസുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ഇത് ഞങ്ങളുടെ ഒരു തമാശ മാത്രമാണെന്നാണ് വീഡിയോയോട് ഇമ്മാനുവൽ മാക്രോണിൻറെ പ്രതികരണം. വിയറ്റ്‌നാം സന്ദർശനത്തിന് ശേഷം ഇന്തോനേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഫ്രഞ്ച് പ്രസിഡൻറ് സന്ദർശനം നടത്തും.
Macron slapped by his wife Brigitte. pic.twitter.com/cZDzdgPZnq
— RadioGenoa (@RadioGenoa) May 26, 2025