കോഴിക്കോട്: പയ്യോളിയിൽ ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എട്ടാം ക്ലാസുകാരന് ക്രൂരമർദനം. പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ മറ്റൊരു സ്കൂളിലെ മൂന്നു വിദ്യാർഥികൾചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നു. മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.
പയ്യോളിയിലെ ഒരു സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. സ്കൂളിൻറെ പേരും കുട്ടിയുടെ പേരും ചോദിച്ച ശേഷമായിരുന്നു മൂന്നംഗ സംഘത്തിൻറെ മർദനം. ഇതേസമയം സംഘത്തിലുണ്ടായിരുന്ന നാലാമൻ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് അവശനിലയിലായ കുട്ടിയെ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു.
ഫുട്ബോൾ പരിശീലനം നടത്തുന്ന അധ്യാപകനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എസ്പിക്ക് പരാതി നൽകിയ ശേഷമാണ് പോലീസ് കേസെടുത്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു.