മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. അതോടൊപ്പം അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. അൻവറിൻ്റെ വീട്ടിൽ രാവിലെ 6.30ഓടെയാണ് ഇഡി സംഘമെത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.
കെഎസ്‍സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. അൻവർ വീട്ടിലുണ്ടെന്നാണ് വിവരം. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേർന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പിവി അൻവറിൻ്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും പരിശോധന നടത്തുന്നത്.
അതേസമയം മതിയായ രേഖകളില്ലാതെയാണ് പിവി അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം. ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. നേരത്തെ, കേസിൽ പരാതിക്കാരുടെ മൊഴി ഉൾപ്പെടെ എടുത്തിരുന്നു. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതെന്നാണ് വിവരം.



















































