കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ നിർണായക തെളിവായി പ്രതിയായ രഞ്ജിത്തിൻറെ ഡയറി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ വിജിലൻസ് കണ്ടെത്തി. ഇഡി സമൻസ് നൽകി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങൾ അടങ്ങിയ രഞ്ജിത്തിൻറെ ഡയറി ഉൾപെടെ കണ്ടെത്തി. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.
അതേപോലെ ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട നിർണായക രേഖകളും രഞ്ജിത്തിൻറെ വീട്ടിൽ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്തിന് വമ്പൻ രാഷ്ട്രീയ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഉന്നത ബന്ധങ്ങൾ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചു. സാമ്പത്തിക ആരോപണം നേരിടുന്നവരെ കുറിച്ചുളള വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർക്ക് കൈമാറുന്നതും രഞ്ജിത്താണ്. ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തിയും പലർക്കും ഇഡി ഉദ്യോഗസ്ഥർ സമൻസ് അയച്ചു. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദർശകനാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുളള ഉന്നത ഇഡി ഉദ്യോഗസ്ഥരുമായും രഞ്ജിത്തിന് അടുത്ത സൗഹൃദമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.