കൊച്ചി : ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു. ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള ഏക സര്‍വീസാണ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലെ അറിയിപ്പ് പ്രകാരം മാര്‍ച്ച് 28ന് ആയിരിക്കും അവസാന സര്‍വീസ്. മെയ് 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
എയര്‍ ഇന്ത്യയുടെ പിന്‍മാറ്റത്തോടെ അധിക ബാഗേജ് ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് നഷ്ടമാകും. അത്തരത്തിൽ യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും.യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും അധിക ബാഗേജ് സൗകര്യവും ഉണ്ടായിരിക്കില്ല. വിമാനത്തിനുള്ളിലെ വിനോദ പരിപാടികളും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലഭ്യമാകില്ല. ഇതിന് പുറമെ പ്രീമിയം ക്യാബിന്‍, ലോഞ്ച് സൗകര്യങ്ങളെയും ബാധിക്കും. ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ള പ്രീമിയം യാത്രക്കാര്‍ വന്‍തോതില്‍ ആശ്രയിച്ചിരുന്ന സര്‍വീസായിരുന്നു എയര്‍ ഇന്ത്യയുടേത്. അതിനാൽതന്നെ എയർ ഇന്ത്യ സർവ്വീസ് ഇല്ലാതാകുന്നത് പ്രവാസിൾക്ക് തിരിച്ചടിയാകും.















































