കോഴിക്കോട്: കാൽനട യാത്രികർക്കുള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ച യാത്രികൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ട്രാഫിക് തിരക്കിൽ നിന്ന് രക്ഷപെടാൻ ഫുട്പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞു പിന്നോട്ടിറക്കിയ പ്രഭാവതി അമ്മ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഇതിന്റെ വീഡിയോ മാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു എതിർ ദിശയിൽ ഒരു ആക്ടീവ സ്‌കൂട്ടർ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്‌കൂട്ടർ യാത്രികനെ അവർ മുന്നിൽ കയറിനിന്ന് തടഞ്ഞു. എന്നാൽ യാത്രികൻ സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാതെ ഇവർ കാലുകൊണ്ട് അയാളെ പോകാൻ അനുവദിക്കാതെ തടഞ്ഞു.
വീണ്ടും സ്‌കൂട്ടറുമായി പോകാൻ യാത്രികൻ ശ്രമം നടത്തിയപ്പോൾ പ്രഭാവതിയമ്മ കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി. ഒടുവിൽ സ്‌കൂട്ടർ യാത്രികൻ വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
















































