കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്ന ഡോ. ഷെർലി വാസു (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ വ്യക്തിയായിരുന്നു ഡോ. ഷെർലി വാസു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫൊറൻസിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെർലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെർലി വാസു ഔദ്യോഗിക കാലയളവിൽ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അറിവ് പകർന്നു നൽകുകയും ചെയ്തു.
1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. 1984ൽ ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളജിൽ അസി.പ്രഫസർ, അസോ.പ്രഫസർ പദവികൾ വഹിച്ചു. 1997 മുതൽ 1999ൽ പരിയാരം മെഡിക്കൽ കോളജിൽ ഡപ്യൂട്ടേഷനിൽ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. 2001ജൂലൈ മുതൽ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകൾക്കു തുമ്പുണ്ടാക്കാൻ സാധിച്ചത്. 2010ൽ തൃശൂർ മെഡിക്കൽ കോളജിലെത്തി. 2012 വരെ ഫോറൻസിക് വിഭാഗം മേധാവിയായി. 2014ൽ പ്രിൻസിപ്പലായി.
ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷെർലി വാസുവായിരുന്നു.കൂടാതെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്കു തുമ്പുണ്ടാക്കിയതും ഡോക്ടറായിരുന്നു. 2017 ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു.
തന്റെ സർവീസിലെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ്- ഡോ. കെ. ബാലകൃഷ്ണൻ. മക്കൾ- നന്ദന, നിതിൻ.