ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ സ്ത്രീധന പീഡന മരണത്തിൽ ആത്മഹത്യ ചെയ്ത നവവധു ലോകേശ്വരിയുടെ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ലോകേശ്വരിയുടെ ഭർത്താവ് പനീറും മാതാവ് പൂങ്കോതയുമാണ് അറസ്റ്റിലായത്. വിവാഹത്തിന്റെ നാലാം നാളാണ് ലോകേശ്വരി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 27നാണ് ഇവരുടെ വിവാഹം നടന്നത്.
തിരുപ്പൂരിൽ 200 പവനും 70 ലക്ഷത്തിന്റെ കാറും സ്ത്രീധനം നൽകിയ നവവധു ജീവനൊടുക്കേണ്ടി വന്നതിന്റെ നടുക്കം മാറും മുൻപാണ് തിരുവല്ലൂരിലും സ്ത്രീധന പീഡന മരണം നടന്നത്.
പൊന്നേരി സ്വദേശിയായ 24കാരി ലോകേശ്വരിയും സ്വകാര്യ കമ്പനി ജീവനക്കാരനായ പനീറും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞ മാസം 27നാണ്. 10 പവൻ സ്വർണവും ബൈക്കും ആയിരുന്നു ഭർതൃവീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ബൈക്കിന് പുറമേ 5 പവൻ നൽകാൻ ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചു. എന്നാൽ 4 പവൻ മാത്രമാണ് നൽകിയത്. വിവാഹത്തിന്റെ പിറ്റേന്ന് മുതൽ ബാക്കി ഒരു പവനും പുതിയ എസിയും ഉടൻ വാങ്ങി നൽകണം എന്ന് നിർബന്ധിക്കാൻ തുടങ്ങി.
ആദ്യ മകന്റെ ഭാര്യ 12 പവൻ നൽകിയിരുന്നെന്നും സ്ത്രീധനം പൂർണമായി നൽകാതെ സോഫയിൽ ഇരിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭർതൃമാതാവ് അവഹേളിച്ചു. ജൂലൈ 1ന് സ്വന്തം വീട്ടിലേക്ക് ഭർത്താവിനൊപ്പം എത്തിയ ലോകേശ്വരി ഇക്കാര്യങ്ങൾ അച്ഛനമ്മമാരോട് പറഞ്ഞിരുന്നു. പുലർച്ചെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോകേശ്വരിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.