ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിന് സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടൽ ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ. ചിലർ സംസാരിക്കുന്നത് വ്യക്തി താൽപ്പര്യങ്ങൾക്കുവേണ്ടിയാണ്. അവർ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ നിമിഷപ്രിയയുടെ മോചനശ്രമങ്ങൾ പ്രതിസന്ധിയിലായെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
സഹായിക്കാൻ സ്വയം സന്നദ്ധരായി വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേരളത്തിന് വേണ്ടി ആക്ഷൻ കൗൺസിൽ മാപ്പുപറഞ്ഞെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു.
അതേസമയം മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സാമുവൽ ജെറോമിന് ക്രെഡിറ്റ് നൽകാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ‘സാമുവൽ ജെറോമിന് എന്ത് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചു? സാമുവലിന് 44,000 ഡോളർ നൽകി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’- സുഭാഷ് ചന്ദ്രൻ പറഞ്ഞു.
കൂടാതെ, ക്രെഡിറ്റ് തർക്കം ഒഴിവാക്കണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ചിലരുടെ പ്രവർത്തനങ്ങൾ മോചന ശ്രമങ്ങളെ സങ്കീർണമാക്കുകയാണെന്നും സൂഫി വര്യന്റെ ഇടപെടൽ നിഷേധിക്കുന്ന പ്രതികരണങ്ങൾ യെമനിൽ ചർച്ചയായെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞു. ‘കാന്തപുരത്തെയും യെമനിലെ ഹബീബ് ഉമറിനെയും അവഹേളിക്കരുത്. സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകൾക്ക് ഇപ്പോൾ പ്രയാസം നേരിടുന്നു. നിമിഷയുടെ ജീവൻ പണയംവെച്ചുകൊണ്ടുളള ക്രെഡിറ്റ് തർക്കം ഒഴിവാക്കണം. കാന്തപുരത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകണം. മറ്റെല്ലാ അപസ്വരങ്ങളും ഒഴിവാക്കണം’- നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
അതേസമയം ചാണ്ടി ഉമ്മനും സമാന രീതിയിൽ പ്രതികരിച്ചിരുന്നു. ക്രെഡിറ്റ് ആരുവേണമെങ്കിലും എടുത്തോട്ടെ തന്നെ സംബന്ധിച്ച് നിമിഷപ്രിയയുടെ മോചനം മാത്രമാണ് ലക്ഷ്യം. ഒന്നാമത് ഇത് തന്റെ മരിച്ചുപോയ പിതാവിന്റെ ആഗ്രഹമായിരുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. കൂടാതെ ഇതു ഒറ്റയ്ക്ക് നടന്ന സംഭവമല്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.