ടെഹ്‌റാൻ: ഇറാനിൽ തുടരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സഹായം ഉടൻ എത്തുമെന്ന് പ്രതിഷേധക്കാരെ അറിയിച്ച ട്രംപ്, പ്രക്ഷോഭകരെ വധിക്കാൻ തുനിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. ഇറാനിലെ പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനിലെ പ്രവാസി മുൻ കിരീടാവകാശിയായ റെസ പഹ്ലവിയെ രഹസ്യമായി കണ്ടതായും റിപ്പോർട്ടുണ്ട്.’പ്രതിഷേധം തുടരുക, സഹായം ഉടനെത്തും’ എന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഇറാനിലെ പ്രക്ഷോഭകരെ തൂക്കിലേറ്റുകയാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം സിബിഎസ് ന്യൂസിനോട് പറഞ്ഞു. അതിനിടെ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇറാന് സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സംവിധാനം നൽകിയതായും റിപ്പോർട്ടുണ്ട്. ഇറാന്റെ വാർത്താവിനിമയ സംവിധാനം പൂർണമായി നിലച്ചതിനു പിന്നാലെയാണിത്.
ഇറാനിലെ പ്രക്ഷോഭങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇറാനിയൻ അധികൃതർ അവകാശപ്പെട്ടെങ്കിലും പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തെന്നും ഇന്റർനെറ്റ് നിരോധനത്തിലൂടെ അടിച്ചമർത്തലിന്റെ വ്യാപ്തി മറച്ചുവച്ചെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

















































