വാഷിങ്ടൻ: അലാസ്‌കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കയ്യടിച്ച് സ്വീകരിക്കുന്ന ഡോണൾഡ് ട്രംപിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കണ്ടുമുട്ടിയപ്പോൾ ഹസ്താദനത്തിനു മുൻപ് ഇരുനേതാക്കളും പരസ്പരം പുഞ്ചിരിച്ചു. മാത്രമല്ല അലാസ്‌ക വ്യോമതാവളത്തിലെത്തിയ പുട്ടിനു നടന്നുനീങ്ങാൻ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികർ, മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിമർശനങ്ങളുമായി പലരും രംഗത്തെത്തി
ട്രംപിന്റെ നടപടിക്കെതിരെ ‘മുട്ടുകുത്തലിനെ വീണ്ടും മഹത്തരമാക്കൂ’ എന്ന അടിക്കുറിപ്പോടെ യുക്രെയ്ന്റെ റെസ്റ്റോറേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി മുൻ മേധാവി മുസ്തഫാ നയീം ഇതിനെ പരിഹസിച്ചു. എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൊമിന്റെ വിമർശനം.