മാണ്ഡി: ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 80 ഓളം പേരാണ് മരണപ്പെട്ടത്. എന്നാൽ വളർത്തു നായയുടെ കുര രക്ഷിച്ചത് 67 പേരുടെ ജീവനാണ്. മാണ്ഡി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നായയുടെ കുര കേട്ട് ഉണർന്നത് മൂലം 20 കുടുംബങ്ങളിൽ നിന്നുള്ള 67 പേർക്ക് തങ്ങളുടെ ജീവൻ തിരിച്ച് കിട്ടിയത്. ജൂൺ 30 ന് അർദ്ധരാത്രി തുടങ്ങിയ മഴ മാണ്ഡിയിലെ ധരംപൂർ പ്രദേശത്തെ ഗ്രാമം പൂർണമായും തകർത്തിരുന്നു. ശക്തമായി മഴ പെയ്യുന്നതിനിടെ രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ ഉറക്കെ കുരക്കുകയും ഓരിയിടുകയും ചെയ്തതോടെയാണ് 20 കുടുംബങ്ങൾ രക്ഷപ്പെട്ടത്.
പ്രദേശവാസിയായ നരേന്ദ്ര നായയുടെ കുരകേട്ട് ഉണർന്ന് മുകളിലേക്ക് ചെന്നപ്പോഴാണ് വൻ അപകടം തിരിച്ചറിഞ്ഞത്. ‘പുലർച്ചെ ഒരു മണിയോടെ വീട്ടിലെ നായ കുരക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ശബ്ദം കേട്ട് നായയുടെ അടുത്തേക്ക് പോയപ്പോൾ വീടിന്റെ ചുമരിൽ വലിയ വിള്ളൽ കണ്ടു. അതിലൂടെ വെള്ളം അകത്തുകടക്കാൻ തുടങ്ങിയിരുന്നു. ഞാൻ നായയുമായി താഴേക്ക് ഓടുകയും എല്ലാവരെയും വിളിച്ചു ഉണർത്തുകയും ചെയ്തു’-നരേന്ദ്ര പറഞ്ഞു.
അപകടം മണത്തതോടെ നരേന്ദ്ര ഗ്രാമത്തിലെ മറ്റുള്ളവരെ വീടുകളിൽ ചെന്ന് വിളിച്ചുണർത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും വീടുകളിൽ നിന്നും മാറിയതിന് പിന്നാലെ ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും നിരവധി വീടുകൾ മണ്ണിലടിയിലാവുകയും ചെയ്തു. ഉരുൾ പൊട്ടലിലും പ്രളയക്കെടുതിയിലും ഗ്രാമത്തിൽ ബാക്കിയായത് നാലഞ്ച് വീടുകൾ മാത്രമാണ്. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ കഴിഞ്ഞ ഏഴ് ദിവസമായി ട്രിയമ്പാല ഗ്രാമത്തിലെ നൈന ദേവി ക്ഷേത്രത്തിലാണ് താമസിക്കുന്നത്.
മേഘസ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാൽ ഗുരുതരമായി ബാധിച്ച മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഹിമാചൽ പ്രദേശിൽ ഇതുവരെ 80 ഓളം പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. 50 പേർ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘസ്ഫോടനം തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിലും 30 പേർ റോഡ് ഇടിഞ്ഞ് വീണുണ്ടായ അപകടങ്ങളിലുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 23 വെള്ളപ്പൊക്കങ്ങളും, തുടർന്ന് 19 മേഘസ്ഫോടന സംഭവങ്ങളും, 16 മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മാണ്ഡിയിലെ 156 എണ്ണം ഉൾപ്പെടെ 280 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.