കോഴിക്കോട്: വന്ദന ദാസെന്ന യുവ ഡോക്ടറെ കുരുതികൊടുത്തിട്ടും സർക്കാർ വാഗ്ദാനങ്ങൾ ചുവന്ന ഫയലുകളിൽ ഉറങ്ങുകയാണ്. ഇപ്പോഴിതാ മറ്റൊരാൾ കൂടി ആക്രമണത്തിനിരയായിക്കഴിഞ്ഞു. ഡോ. വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവർത്തകർക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിച്ചില്ലെന്ന് കെജിഎംഒഎ സംസ്ഥാന അധ്യക്ഷൻ ഡോ പി കെ സുനിൽ.
എക്സ് സർവ്വീസ് ഉദ്യോഗസ്ഥരെ സെക്യൂരിറ്റി പോസ്റ്റിൽ നിയമിക്കേണ്ടതിനു പകരം പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ആശുപത്രികളിൽ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
എന്തുകൊണ്ട് സംഘടനയ്ക്ക് സർക്കാർ രണ്ട് വർഷങ്ങൾക്ക് മുൻപ് നൽകിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യം നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാൽ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ല. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടർമാരും പണിമുടക്കും. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് പണിമുടക്ക് സംസ്ഥാന തലത്തിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.’ ഡോ പി കെ സുനിൽ പറഞ്ഞു.