ജഗ്ദീഷ്പൂർ: കുടുംബ തർക്കത്തെ തുടർന്ന് രണ്ടാം ഭാര്യ ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഫസംഗഞ്ച് കച്നാവ് ഗ്രാമത്തിലാണ് സംഭവം. നസ്നീൻ ബാനോ എന്ന യുവതിയാണ് തൻ്റെ ഭർത്താവ് അൻസാർ അഹമ്മദിനെ (38) വാക്കുതർക്കത്തിനിടെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിനിടെ ഇവർ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ഭാര്യമാരുള്ള അഹമ്മദിന് രണ്ട് വിവാഹബന്ധങ്ങളിലും കുട്ടികളില്ല. ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ ഉടൻ തന്നെ ജഗ്ദീഷ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റി. നസ്നീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ജഗ്ദീഷ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാഘവേന്ദ്ര അറിയിച്ചു.