കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനക്കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ കടുത്ത സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി ബി മിനി. ഇപ്പോഴിതാ ഇന്ന് കോടതിയിലേക്ക് പോകുമ്പോൾ ട്രെയിനിൽ നിന്നു തുടങ്ങി കോടതിയിലെത്തിയപ്പോൾ വരെയുള്ള അനുഭവം സംബന്ധിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടി ബി മിനി. ട്രെയിൻ ടിക്കറ്റ് എടുക്കുന്നതുമുതൽ തിരിച്ച് വരുന്നതുവരെ തന്നെ ആളുകൾ തിരിച്ചറിഞ്ഞതിലേയും പിന്തുണ അറിയിച്ചതിലേയും സന്തോഷമാണ് മിനി പങ്കുവെയ്ക്കുന്നത്.
കോടതിയിലെത്തിയപ്പോൾ തന്റെ സഹപ്രവർത്തകർ ഓടിവന്നതും അവർ തനിക്കു പിൻതുണ നൽകിയതും കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. വിധി വന്ന എട്ടാം തിയതിക്ക് ശേഷം ഭ്രാന്തിയുടേത് പോലുള്ള മാനസികാവസ്ഥയിലായിരുന്നു താനെന്നും മിനി കുറിപ്പിൽ സൂചിപ്പിക്കുന്നു. ‘നന്ദി കേരളമേ… തോറ്റുപോയവർ ജയിക്കുന്ന നിമിഷമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് അഡ്വ. ടി ബി മിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം-
ഇന്ന് തൃശൂർ കോടതിയിൽ കേസിന് പോവുകയായിരുന്നു.
ഞാൻ 8-ാം തിയ്യതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു.
ഒരു പാട് പേര് വിളിച്ച് ആശ്വസിപ്പിച്ചു. വിജയിച്ചു എന്ന് പറഞ്ഞു.
ഇന്ന് രാവിലെ 9 മണിയോടെ ഞാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തു. പ്രൈവറ്റ് ടിക്കറ്റ് സെന്ററിൽ നിന്നാണ് ടിക്കറ്റെടുത്ത്
അവിടെ ഇരുന്നത് ഒരു പെൺകുട്ടിയായിരുന്നു എന്നെ തുറിച്ച് നോക്കി എന്നിട്ട് ദിലീപ് കേസിലെ മാഡമല്ലേ എന്ന് ചോദിച്ചു. ആദ്യം ഒന്ന് ഞാൻ പേടിച്ചു എന്നെ വല്ലതല്ലാനാവോ ദിലീപിന്റെ നാടല്ലേ ഞാൻ വിനയത്തോടെ അതെ എന്ന് പറഞ്ഞു.
ചെറിയ ഭയം ഇല്ലാതില്ല കാരണം കറക്ട് സമയത്ത് കോടതിയിൽ എത്തിയില്ലെങ്കിൽ പ്രശ്‌നമാവില്ലേ ആ ട്രെയിൻ വിട്ടാൽ എനിക്ക് കറക്ട് സമയത്ത് കോടതിയിൽ എത്താൻ കഴിയില്ല.
ഈ കുട്ടി പെട്ടെന്ന് മുഖമെല്ലാം ചുവന്ന്
കണ്ണ് നിറഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ സ്തബ്ധയായി പോയി. മാഡം ഒരിക്കലെങ്കിലും കാണണം എന്നുണ്ടായിരുന്നു.
ഞങ്ങളുണ്ട് ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ ഒരു യോഗം കൂടിയിട്ടുണ്ട് അതിശക്തമായി പ്രതിഷേധിക്കാൻ മാഡം ചാനലിലൊക്കെ നിൽക്കുമ്പോൾ വിഷമിച്ച മുഖമാണ് അത് വേണ്ട. പൊരുതണം.
ഇത് കേട്ടപ്പോൾ എന്നെ കണ്ണും നിറഞ്ഞു. മറുനാടനേ പോലേ ചിലർ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ ജനം ഞാൻ ചെയ്ത കാര്യത്തിന് എന്നെ മനസിലാക്കുന്നുണ്ടല്ലോ? ടിക്കറ്റ് തന്നു. 35 രൂപയാണ്. പക്ഷെ പൈസ വാങ്ങിയില്ല. സൂക്ഷിക്കണം എന്ന് പറഞ്ഞ് ഒന്നു കൂടെ കെട്ടിപിടിച്ച് ആ പെൺ കുട്ടിയാത്രയാക്കി.
ട്രെയിനിൽ പലരും എന്നെ തിരിച്ചറിഞ്ഞു. ആ കുട്ടികൾ എന്നെ വന്ന് സെൽഫി എടുത്തു. അഭിമാനം ഉണ്ട് എന്ന് പറഞ്ഞു. ഞങ്ങൾക്ക് എല്ലാം അറിയാം ധൈര്യമായി ഇരിക്കണം. എന്ന് പറഞ്ഞു.
ട്രെയിനിറങ്ങി തൃശൂർ കോടതിയിൽ എത്തി. ഓട്ടോ ഇറങ്ങിയപ്പോൾ മുതൽ വക്കീലന്മാർ ഓടി വന്നു. കൈപിടിച്ചു സെൽഫി എടുത്തു പോരാട്ടത്തോടൊപ്പം ഉണ്ട് എന്ന് പറഞ്ഞു. അസോസിയേഷനോട് ചേർന്നാണ് കാന്റീൻ കാലത്ത് ഒന്നും കഴിച്ചില്ലായിരുന്നു അവിടെ വീഡിയേഷന് ഒന്നാം സ്ഥാനം കിട്ടിയതിന് കട്‌ലറ്റ് വിതരണം ചെയ്യുന്നു. എത്ര വേണം എങ്കിലും എടുക്കാം 2 കട്‌ലെറ്റ് എടുത്തു കഴിച്ചു. കുറേ നാളായി ഒരു മെഡിക്കൽ നെഗ്‌ളിജൻസ് കേസുമായി ഞാൻ തൃശൂർ പോകുന്നു. എന്റെ കൂട്ടുകാർ സന്തോഷ്, സിനി അങ്ങനെ പലരും ഉണ്ട്. ഇന്ന് അസോസിയേഷനിൽ ചായ കുടിച്ചിരിക്കുമ്പോൾ ഒരു പാട് വക്കീലന്മാർ കൂട്ടത്തോടെ വന്ന് എന്നെ അഭിനന്ദിച്ചു ഷേക്ക് ഹാന്റ് തന്നു. സ്ത്രീകൾ നെഞ്ചോടു ചേർത്തു. ഞങ്ങളുണ്ട്. ധൈര്യമായി ഇരിക്കണം. അതിജീവിതയേക്കാൾ അറ്റാക്ക് നേരിടുന്നത് മേഡമാണ്. അതിജീവിതയെ പറയരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. വക്കീലൻമാർക്ക് ആ പ്രൊട്ടക്ഷനില്ലല്ലോ
ഞങ്ങളുണ്ട്
അത് കേട്ടപ്പോൾ സന്തോഷം എന്റെ തൊണ്ടയിൽ കുരുങ്ങി.
കാരണം ഈ കേസ് ഏറ്റെടുത്ത് ഇത്രക്ക് വക്കീലന്മാർ എന്നോട് ഇങ്ങനെ പറയുന്നത് ആദ്യമാണ്. എന്റെ വിചാരം വക്കീലന്മാരെല്ലാം രാമൻ പിള്ള സാറിന്റെ കൂടെ യാണ് എന്നായിരുന്നു. ഈ സന്തോഷം വിവരണാധീതമാണ്.
കേസ് കഴിഞ്ഞ് താഴെക്ക് ഇറങ്ങി ഫ്രണ്ടിലെ ചായകടയിൽ നിന്നും ചായ കുടിക്കുന്ന പതിവുണ്ട്. അങ്ങനെ ചായ കടയിലേക്ക് പോകുമ്പോൾ പുറകിൽ നിന്നും ഒരു വിളി കേട്ടു മിനിക്കിലേ എന്ന് ക്ലർക്ക് മാരുടെ അസോസിയേഷനിൽ നിന്നാണ് തിരിഞ്ഞു നോക്കി ദിലീപ് കേസിലെ മിനി വക്കിലല്ലേ എന്ന് അപ്പോഴേക്കും ക്ലർക്കുമാർ എല്ലാവരും ഇറങ്ങി വന്നു ഒരു വനിതാ ക്ലർക്ക് കെട്ടിപ്പിടിച്ച് ഉമ്മവച്ചു സ്‌നേഹം പറഞ്ഞറിയിക്കാൻ വയ്യ എത്ര ദിവസമായി ഞാൻ കരഞ്ഞു കൊണ്ടിരിക്കുന്നു എന്നറിയുമോ? അവരെല്ലാവരും പറഞ്ഞു. ഞങ്ങളുണ്ട് മുന്നോട്ട് പോകണം. ജുഡീഷ്യറിയുടെ ഭാഗമാണ് നമ്മൾ എങ്കിലും ഇത് സഹിക്കാനാവുന്നില്ല. ദിലീപിന്റെ കൂലി എഴുത്തുകാരും മറുനാടനും മാഡത്തെ അപമാനിക്കുവാൻ മനപൂർവ്വം ചെയ്യുന്നതാണ് തളരരുത്. നെഗ്‌ളറ്റ് ചെയ്യണം. ഒന്നും മിണ്ടാനാവാതെ കണ്ണുനിറഞ്ഞ് ഞാൻ നിന്നു.
തിരിച്ച് ഓട്ടോറിക്ഷയിൽ റെയിൽ വേസ്റ്റേഷനിലേക്ക്
ട്രെയിൻ കയറുവാൻ കാത്ത് കപ്പലണ്ടിയിൽ കൊറിച്ച് ബഞ്ചിൽ ഇരുന്ന എന്നെ പലരും തിരിച്ചറിഞ്ഞു. അതിൽ ചെറുപ്പക്കാരുണ്ടായിരുന്നു. പലരും സെൽഫി എടുത്തു ഞങ്ങൾ യോഗങ്ങൾ ചേരുന്നുണ്ട് പ്രതിഷേധങ്ങൾ ധൈര്യമായി ഇരിക്കുവാൻ പറഞ്ഞു. ഭൂരിഭാഗം പേരും ഇടതുപക്ഷ ചായ് വുള്ളവരാണ്.
പെട്ടെന്ന് ബോംബെ ട്രെയിൻ വന്നു നിന്നു പലരും ഇറങ്ങി ഇറങ്ങിയ ഒരു സ്ത്രീയും ഭർത്താവും നടന്നു പോയിട്ട് ഓടി തിരിച്ചു വന്നു മിനി വക്കീലല്ലേ ഞാൻ എനിക്ക് ധാരാളം ബന്ധുക്കൾ ബോംബയിലുണ്ട് കുറേനാളായി കാണാറില്ല. പലരേയും കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയില്ല
അതെ എന്നു പറഞ്ഞ പ്പോൾ അവർ പറഞ്ഞു ഞങ്ങൾ ബോംബെയിലാണ് 4 ദിവസം ലീവിന് വന്നതാണ്
ഭയങ്കര ഇഷ്ടമാണ് ഒരിക്കലും കാണാൻ കഴിയും എന്ന് കരുതിയില്ല ദൈവം കാണിച്ചു തന്നല്ലോ? ഒരു സെൽഫി എടുക്കട്ടേ ഞാൻ സമ്മതിച്ചു
അതിജീവിതയേക്കാൾ മാഡം കുറച്ചു ദിവസമായി അറ്റാക്ക് നേരിടുന്നത് ഞങ്ങൾ കാണുന്നുണ്ട്. നന്ദിയുണ്ട്
ദൈവം കൂടെയുണ്ടാവും തിരിഞ്ഞ് തിരിഞ്ഞ് നോക്കി അവർ കടന്നു പോയി.
കുറച്ച് കഴിഞ്ഞ് ഒരു ഫോൺ വന്നു ഒരു കവിയാണ് സംസ്ഥാനത്താകെ കവികളുടെ സംഘടനയുടെ സംസ്ഥാന
നേതാവ് വിളിച്ചു അവർ വലിയ സംസ്ഥാന കവിസമ്മേളനം വിളിച്ചിട്ടുണ്ട്
പേര് അതിജീവിത – അപ്പോൾ മാഡം അതിജീവിതയല്ലേ ഞാൻ പറഞ്ഞു ഞാൻ അങ്ങനെയല്ല എന്നു മാത്രമല്ല അതിന് അർഹത ഒരാൾക്കേയുള്ളൂ
എനിക്ക് സന്തോഷമുണ്ട് കേരളത്തിലെ സാംസ്‌കാരിക കവികൾ എല്ലാം രംഗത്തു വരുന്നതിനോട് ….
നന്ദി കേരളമേ…
തോറ്റു പോയവർ … ജയിക്കുന്ന നിമിഷമാണ്



















































